കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ മെച്ചപ്പെട്ട നിലവാരമുള്ള ശൗചാലയങ്ങൾ കണ്ടെത്തിയത് മൂന്നിടത്ത് മാത്രം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 71 വിദ്യാലയങ്ങളിലായിരുന്നു പരിശോധന. സ്കൂൾ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പി.ടി.എ. ഭാരവാഹികൾക്കും വേണ്ടി സംഘടിപ്പിച്ച ശില്പശാലയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ചർച്ചചെയ്തത്.
കണ്ടെത്തിയ കാര്യങ്ങൾ ഇവ
* മുഴുവൻ ശൗചാലയങ്ങളിലും ജലലഭ്യതയുള്ളത് 60 സ്കൂളുകളിൽ.
* 32 സ്കൂളുകളിൽ ശൗചാലയം ശുചീകരിക്കുന്നതിന് ആളുണ്ട്.
* 17 സ്കൂളുകളിൽ കുട്ടികൾതന്നെ ശൗചാലയം വൃത്തിയാക്കുമ്പോൾ 29 സ്കൂളുകൾ മറ്റ് വിധത്തിൽ ശുചീകരണം നടത്തുന്നു.
* 30 വിദ്യാലയങ്ങളിൽ സെപ്റ്റിക് ടാങ്കിന്റെ അവസ്ഥ തൃപ്തികരം. 37 സ്കൂളുകളിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നാലിടത്ത് വളരെ മോശം അവസ്ഥ.
* 45 സ്കൂളുകളിൽ ഖരമാലിന്യം കത്തിക്കുന്നു. ചിലയിടങ്ങളിൽ മാലിന്യം കൂട്ടിയിടുന്നു.
* 71 വിദ്യാലയങ്ങളിൽ 34 എണ്ണം ജലക്ഷാമം നേരിടുന്നു. ഇതിൽ 67 വിദ്യാലയങ്ങളിൽ കുടിവെള്ളത്തിന് സ്വന്തമായി കിണറുണ്ട്. ആറിടത്ത് മാത്രമാണ് കുടിവെള്ളവിതരണ കണക്ഷനെ ആശ്രയിക്കുന്നത്.
* ജലസംഭരണികൾ യഥാവിധം വൃത്തിയാക്കാത്ത 16 സ്കൂളുകൾ.
* പത്തിടത്ത് മെച്ചപ്പെട്ട അടുക്കളശുചിത്വം പാലിക്കുമ്പോൾ അഞ്ച് സ്കൂളുകളിൽ മോശം സ്ഥിതി. 56 വിദ്യാലയങ്ങളിൽ തൃപ്തികരം.
* പൊതുശുചിത്വനിലവാരത്തിൽ രണ്ട് സ്കൂളുകളുടേത് മാത്രം മെച്ചപ്പെട്ട പ്രകടനം. 55 എണ്ണം തൃപ്തികരം, 14 എണ്ണം മോശം സ്ഥിതിയിൽ.
പോരായ്മകൾ ഡിസംബർ 15-നകം പരിഹരിക്കാൻ നിർദേശം
വിദ്യാലയങ്ങൾക്ക് ഒന്നരക്കോടിയുടെ ശുചീകരണ കിറ്റുകൾ നൽകും
കണ്ണൂർ: ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ശൗചാലയങ്ങളിലെ പോരായ്മകൾ ഡിസംബർ 15-നകം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് നിർദേശം. പ്രഥമാധ്യാപകൻ, പ്രിൻസിപ്പൽ, പി.ടി.എ. ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾതല കമ്മിറ്റികൾ രൂപവത്കരിക്കണം. ഒരോ വിദ്യാലയങ്ങളും അവർക്ക് അനുയോജ്യമായ ശുചീകരണപ്രക്രിയ തയ്യാറാക്കി ഡിസംബർ 15-നകം പോരായ്മകൾ പരിഹരിക്കണം. ജനുവരിയിൽ ജില്ലാ പഞ്ചായത്ത് രൂപവത്കരിക്കുന്ന സംഘം വിദ്യാലയങ്ങളിൽ വീണ്ടും പരിശോധന നടത്തും. ഇതിലും പോരായ്മകൾ കണ്ടെത്തിയാൽ തുടർനടപടിയുണ്ടാകും.
ആദ്യപടിയായി വിദ്യാലയങ്ങളിലേക്ക് ഒന്നരക്കോടി രൂപയുടെ ശുചീകരണ കിറ്റുകൾ വിതരണം ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിസംബർ അവസാനവാരത്തോടെ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.പി.ജയബാലൻ, വി.കെ.സുരേഷ്ബാബു, ടി.ടി.റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ജാനകി, അജിത്ത് മാട്ടൂൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി.രേഖ, പബ്ലിക്ക് ഹെൽത്ത് ടെക്നിക്കൽ അസിസ്റ്റന്റ് പി.സുനിൽ ദത്തൻ, എക്സിക്യുട്ടീവ് എൻജിനീയർ കെ.എൻ.ബിജോയ്, ഡി.ഡി.ഇ. ടി.പി.നിർമലാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.