ഇരിട്ടി: ഇരിട്ടി പാലത്തിന്റെ തൂണുകളുടെ പൈലിങ്ങിന്റെ ബലത്തെക്കുറിച്ച് ഇനിയാർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരാഴ്ച ശരിക്കും ബലപരീക്ഷണംതന്നെയാണ് നടന്നത്. മലയോരം ഇതുവരെ ദർശിക്കാത്ത മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് ഇരിട്ടി പുതിയ പാലത്തിന്റെ തൂണുകളുടെ പൈലിങ് ഒരു പോറലും ഏൽക്കാതെ നിലനിന്നു. ഇന്ത്യയിലെ മികച്ച നാല് പാലം വിദഗ്‌ധരുടെ നിർദേശങ്ങളാണ് പാലത്തിന്റെ തൂണുകളെ ഇന്ന് ഈനിലയിൽ നിലനിർത്തിയത്. കഴിഞ്ഞ കാലവർഷത്തിൽ പാലത്തിന്റെ പൈലിങ് ചെറിയൊരു വെള്ളപ്പൊക്കത്തിൽ നിലംപൊത്തിയത് ഏറെ വിവാദവും അതിനൊപ്പം ആശങ്കയും ഉണ്ടാക്കിയിരുന്നു. തുടർന്ന് ആറുമാസത്തെ വിദഗ്‌ധ പഠനത്തിനും നിർദേശങ്ങൾക്കും ഒടുവിലാണ് പുഴയിൽ നിർമിക്കേണ്ട രണ്ട് തൂണുകളുടെ പൈലിങ് ആരംഭിച്ചത്.
കെ.എസ്.ടി.പി. തലശ്ശേരി-വളവുപാറ റോഡ് വികസനത്തോടൊപ്പം ഈവർഷം സപ്തംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു പുതിയ പാലം. എന്നാൽ, പൈലിങ് ഒഴുകിപ്പോയതോടെ നിർമാണം നിലച്ചു. പാലം നിർമാണ വിദഗ്‌ധരായ നൈനാൻ, കാർത്തിക്ക്ടാ, റെയ്ന എന്നിവരുടെ നേതൃത്വത്തിൽ ലോകബാങ്ക് സംഘം നാലുതവണയാണ് പാലംപ്രദേശം സന്ദർശിച്ചത്. നേരത്തെ നാല് പൈലിങ്ങോടെ തൂണുകൾ നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം പൂർത്തിയാക്കിയ പൈലിങ്ങാണ് ചെറിയൊരു വെള്ളപ്പൊക്കത്തിൽ നിലംപൊത്തിയത്. വിദഗ്‌ധ പരിശോധനയിൽ ആദ്യം ആറ് പൈലിങ്ങും പിന്നീട് എട്ട് പൈലിങ്ങും നടത്താൻ തീരുമാനിച്ചു. ഇതിലും പാലം വിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായി. നിലവിൽ ആറ് പൈലിങ്ങോടുകൂടി തൂണുകൾ നിർമിക്കാനാണ് തിരുമാനിച്ചത്.
പൈലിങ്ങിന്റെ ആഴം പുഴയിലെ പ്രകൃതിദത്തമായ പാറ കണ്ടതിനുശേഷവും രണ്ടുമീറ്ററോളം താഴ്ത്താനായിരുന്നു നിർദേശിച്ചത്. ഇപ്രപ്രകാരം പൂർത്തിയാക്കിയ ആറ് പൈലിങ്ങുകളാണ് വെള്ളപ്പൊക്കത്തിൽ ഒരു പോറലുമേൽക്കാതെ നിലനില്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ച പദ്ധതിപ്രദേശം നിറഞ്ഞുകവിഞ്ഞ് പുഴ കുത്തിയൊഴുകിയിരുന്നു. പുഴനിരപ്പിൽനിന്ന് 17 മീറ്ററിലധികം നിലനിന്ന പൈലിങ്ങിനെ പൂർണമായും മുക്കിയാണ് പുഴ കുത്തിയൊഴുകിയത്. പൈലിങ്ങിനായി നിക്ഷേപിച്ച മണ്ണും പുഴയെടുത്തിരുന്നു.
നിറഞ്ഞുകവിഞ്ഞ് കുത്തിയൊഴുകുന്ന പുഴയെ നോക്കാതെ നാട്ടുകാരും യാത്രക്കാരുമെല്ലാം ശ്രദ്ധിച്ചത് പൈലിങ്ങ് അവിടെ അവശേഷിച്ചിട്ടുണ്ടോയെന്നാണ്. പാലം തൂണുകളുടെ ബലത്തിൽ ഉണ്ടായിരുന്നു. സംശയമെല്ലാം ഇതോടെ മാറിയിരിക്കുകയാണ്.
പായം പഞ്ചായത്തിന്റെ ഭാഗത്തുവരുന്ന തൂണുകളുടെ പൈലിങ്ങും ഉടൻ ആരംഭിക്കും. പുഴയിലെ കുത്തൊഴുക്ക് അല്പം കുറഞ്ഞാൽ നിർമാണം ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ഇരിട്ടി പഴയ്ക്ക് കുറുകെ 144മീറ്റർ നീളത്തിൽ 12മീറ്റർ വീതിയിൽ 23മീറ്റർ ഉയരത്തിലാണ് ഇരിട്ടി പുതിയ പാലത്തിന്റെ നിർമാണം. പാലത്തിന്റെ ഉയരവും പുഴയിലെ ശക്തമായ നീരൊഴുക്കുമാണ് പ്രധാന പ്രതിസന്ധി. ബ്രിട്ടീഷുകാർ നിർമിച്ച പുതിയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്.