കണ്ണൂർ: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ നഗരങ്ങളെ ബാധിച്ചു. കണ്ണൂർ പുതിയ ബസ്‌ സ്റ്റാൻഡിൽനിന്ന്‌ സ്വകാര്യ ബസ്സുകൾ ഓടിയില്ല. യാത്രക്കാർ കുറവാണെങ്കിലും കെ.എസ്.ആർ.ടി.സി. ഓടി. മട്ടന്നൂർ 21-ാം മൈലിൽ കല്ലേറ്്‌ ഉണ്ടായതിനെ തുടർന്ന് ആ റൂട്ടിൽ ബസ്സുകൾ സർവീസ് നിർത്തിെവച്ചു. പി.എസ്.സി. പരീക്ഷകൾ നടന്നു. ചില സെന്ററുകളിൽ ഉദ്യോഗാർഥികൾ കുറവായിരുന്നു. ജില്ലയിൽ പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. കണ്ണൂർ ട്രെയിനിങ് സ്കൂളിന്‌ സമീപം ചരക്കുലോറിയുടെ കാറ്റഴിച്ചുവിട്ടു. മട്ടന്നൂർ പാലോട്ടുപള്ളിയിൽ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ലോറി തടഞ്ഞ് ഹർത്താലനുകൂലികൾ ചാവിയുമായി സ്ഥലംവിട്ടു. തുടർന്ന് മേൽപ്പാലത്തിൽ യാത്രാ തടസ്സം ഉണ്ടായി.

പേരാവൂർ മേഖലയിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. പയ്യന്നൂരിൽ ചുരുക്കം ചില സ്വകാര്യബസ്സുകൾ ഓടി. നഗരത്തിലെ ചില സ്ഥാപനങ്ങൾ തുറന്നു. സ്കൂളുകൾ പ്രവർത്തിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാമന്തളിയിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നു.

തളിപ്പറമ്പിൽ സ്വകാര്യവാഹനങ്ങൾ ഓടി. ബസ്സുകൾ ഓടിയില്ല. കടകൾ പൂർണമായും അടഞ്ഞുകിടന്നു. പെരിങ്ങോം ടൗണിൽ കടകൾ തുറന്നില്ല. ബസ് ഭാഗികമായി ഓടി. പൊന്നമ്പാറ-മാതമംഗലം റൂട്ടിൽ ബസ് ഓടിയില്ല. മട്ടന്നൂർ നരയമ്പാറയിൽ വാഹനങ്ങൾ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസിനുനേരെ കല്ലെറിഞ്ഞു. പാലാട്ടുപള്ളി, കീച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. 10 പേരെ കസ്റ്റഡിയിലെടുത്തു.

മട്ടന്നൂർ പാലോട്ടുപള്ളിയിൽ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. രണ്ട് ഓട്ടോകളുടെയും ലോറികളുടെയും ചില്ല് തകർത്തു. തലശ്ശേരിയിൽ 16 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു.

തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് എ.ഐ.വൈ.എഫ്. മാർച്ച് നടത്തി. കതിരൂരിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യബസ്സുകളിൽ ചിലതുമാത്രം ഓടി.

കത്തുപറമ്പിൽ കടകൾ തുറന്നില്ല. സ്വകാര്യവാഹനങ്ങൾ ഓടി. ശക്തമായ പോലീസ് സുരക്ഷ ഉണ്ട്. പാനൂരിൽ നാലുപേർ കരുതൽ കസ്റ്റഡിയിൽ. ബസ് ഗതാഗതം ഭാഗികമായിരുന്നു.

ഹർത്താൽ കാരണം പലയിടത്തും പെട്രോൾ പമ്പുകൾ തുറന്നില്ല. നിരവധിപേർ പെട്രോളിനും ഡീസലിനുംവേണ്ടി അലഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ തുറന്ന പമ്പിലെ തിരക്ക് ക്രമാതീതമായപ്പോൾ പോലീസിന് ഇടപെടേണ്ടി വന്നു.

കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടി; ഒരു ബസ്സിന്റെ ചില്ല് തകർത്തു

ജില്ലയിലെ മൂന്ന് ഡിപ്പോകളിലും കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടി. മട്ടന്നൂർ 21-ാം മൈലിൽ കെ.എസ്.ആർ.ടി.സി. ബസ്സിനുനേരെ ആക്രമണമുണ്ടായി. ബസ്സിന്റെ ചില്ല് തകർന്നു. തുടർന്ന് ഇരിട്ടി-മട്ടന്നൂർ മേഖലയിലേക്കുള്ള 12 സർവീസുകൾ നിർത്തി. കണ്ണൂർ ഡിപ്പോയിൽനിന്നുള്ള 42 സർവീസുകളും രാവിലെ സർവീസ് നടത്തിയതായി ഡിപ്പോ അധികൃതർ അറിയിച്ചു. ബെംഗളുരുവിലേക്കുള്ള ബസ്സും ഓടിച്ചു.

പയ്യന്നൂർ ഡിപ്പോയിൽനിന്നുള്ള 37 സർവീസുകളും ഓടിച്ചു. അക്രമമൊന്നും ഉണ്ടായില്ല. യാത്രക്കാർ കുറവായതിനാൽ മൂന്ന് സർവീസുകൾ നിർത്തിവച്ചു. തലശ്ശേരി ഡിപ്പോയിൽനിന്നുള്ള 44 സർവീസുകൾ രാവിലെ ഓടിയിരുന്നു. നാദാപുരം സെക്ടറിൽ കുഴപ്പം ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് രണ്ട് സർവീസുകൾ നിർത്തി. മൈസൂരുവിലേക്കുള്ള ബസ് പുറപ്പെട്ടെങ്കിലും തൊട്ടിൽപ്പാലത്ത് അക്രമം ഉണ്ടായതിനെ തുടർന്ന് തിരിച്ചു വരികയായിരുന്നുവെന്ന് ഡിപ്പോ ഉദ്യോഗസ്ഥർ പറഞ്ഞു.

പി.എസ്.സി. പരീക്ഷയ്ക്ക്‌ വന്നവർ ഹർത്താൽ കാരണം വലഞ്ഞു. തീവണ്ടികളിൽ എത്തിയവർ ഉൾനാട്ടിലെത്താൻ വിഷമിച്ചു. ചില ഉദ്യോഗാർഥികൾ തലേദിവസം തന്നെ സെന്ററിനടുത്ത് എത്തി താമസിച്ചിരുന്നു. മലയോര ഗ്രാമങ്ങളിൽനിന്ന്‌ എത്തിയവർ പരീക്ഷ എഴുതി മടങ്ങിപ്പോകാനും വിഷമിച്ചു. കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടിയത് ഇവർക്ക് ആശ്വാസമായി. സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയില്ല.

പ്രതിഷേധിക്കാൻ പെൺ ശബ്ദവും

പ്രതിഷേധത്തിന്റെ ഭാഗമായി കടകളടപ്പിക്കാനും റോഡ് തടയാനും സ്ത്രീകളും. കണ്ണൂർ കാൽടെക്സിൽ രാവിലെ റോഡിൽ കുത്തിയിരുന്നു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാജിദ സഹീർ, സി.പി.രഹ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ മുദ്രവാക്യം മുഴക്കിയ വനിതകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സോളിഡാരിറ്റി ഭാരവാഹികളായ ടി.പി.ഇല്യാസ്, എൻ.ബി.എം.ഫൈസൽ തുടങ്ങിയവർ നേതൃത്വംനൽകി. പിന്നീട് വീണ്ടും സ്ത്രീകൾ റോഡിൽ പ്രതിഷേധിക്കാൻ എത്തി. കണ്ണൂർ കാൽടെക്‌സിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകരെ പോലീസ് നീക്കി. പിന്നീട് ഹർത്താൽ അനുകൂലികൾ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.

രക്ഷിതാക്കൾ വിളിച്ചു, പരീക്ഷ എഴുതാത്തവർ എന്തുചെയ്യും

വാഹനങ്ങളും മറ്റും തടസ്സമായപ്പോൾ സ്കൂൾ പരീക്ഷയെഴുതാൻ പറ്റാത്ത കുട്ടികളുണ്ടെന്ന് രക്ഷിതാക്കൾ. എഴുതാത്തവർ എന്ത് ചെയ്യുമെന്ന് ചോദിച്ച് നിരവധി രക്ഷിതാക്കൾ ഡി.ഡി.ഇ. ഓഫീസിലേക്ക് വിളിച്ചു. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരീക്ഷയായതിനാൽ ജില്ലക്കുമാത്രമായി ഒരു തീരുമാനം എടുക്കാനാകില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ അധികൃതർ. വാഹനം കിട്ടാത്തതു കാരണം ചില സ്കൂളുകളിൽ ഏതാനും അധ്യാപകർക്കും എത്താനായില്ല. ജില്ലയിലെ മുഴുവൻ സ്കൂളുകളും ചൊവ്വാഴ്ച തുറന്നതായി ഡി.ഡി.ഇ. ഓഫീസ് അധികൃതർ പറഞ്ഞു.

സ്വന്തമായി വാഹനമുള്ള സ്കൂളുകളിലെയും ഗ്രാമപ്രദേശങ്ങളിലെയും മുഴുവൻ കുട്ടികളും പരീക്ഷ എഴുതി. എത്രപേർക്ക് പരീക്ഷ എഴുതാനായില്ലെന്ന കണക്ക് ബുധനാഴ്ചയേ വ്യക്തമാകൂ എന്ന് ഡി.ഡി.ഇ. ഓഫീസ് അറിയിച്ചു.