hiv
representative image

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തുന്ന ഡയാലിസിസ് രോഗികൾ കണ്ണൂരിലെ സ്വകാര്യ ലാബിൽപ്പോയി എച്ച്.ഐ.വി. പരിശോധന നടത്തണമെന്ന നിർദേശവുമായി ബോർഡ് സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ സെൻട്രൽ ക്ലിനിക്കൽ ലാബിൽ ഈ ടെസ്റ്റ് ചെയ്യാമെന്നിരിക്കെയാണ് സ്വകാര്യ ലാബിൽപ്പോയി ഈ മാസം 31-നകം പരിശോധന നടത്തണമെന്ന നിർദേശവുമായി ബോർഡ് സ്ഥാപിച്ചത്. ഇതിനുപിന്നിൽ കമ്മിഷൻപറ്റാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണെന്ന് പരാതി ഉയർന്നു.

നൂറുകണക്കിന് രോഗികളാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെത്തുന്നത്. അവരെല്ലാം കണ്ണൂരിലെ സ്വകാര്യ ലാബിൽപ്പോയി പരിശോധന നടത്തണമെന്ന നിർദേശം ദുരൂഹവും അപ്രായോഗികവുമാണെന്ന് കാണിച്ച് ജനകീയ ആരോഗ്യസമിതി ചെയർമാൻ എസ്.ശിവസുബ്രഹ്മണ്യൻ ആരോഗ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.

എന്നാൽ, താനറിയാതെയാണ് ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതെന്നും ഇത് അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകുമെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു.

content highlights; kannur government medical college dialysis center controversy