കണ്ണൂർ: ഇവിടെ ഫോണിന് വിശ്രമമില്ല, അത് എടുക്കുന്നവർക്കും. അടുത്തകാലത്തൊന്നും ഇതുപോലൊരു പേമാരി ജില്ലയിലുണ്ടായിട്ടില്ല. കാലവർഷം ദുരിതമുണ്ടാക്കുന്നവർക്ക് ആശ്വാസമാവുകയാണ് കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം.

ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എൻ.കെ.അബ്രഹാമിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് റവന്യൂ ജീവനക്കാരും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട വിവിധ വകുപ്പുകളുടെ ഒരു പ്രതിനിധിയും മുഴുവൻസമയവും കൺട്രോൾ റൂമിലുണ്ട്. ജൂൺ ആദ്യവാരം ക്യാമ്പ് പ്രവർത്തനംതുടങ്ങിയെങ്കിലും സജീവമായത് രണ്ടുദിവസംകൊണ്ടാണ്.

വെള്ളിയാഴ്ച വൈകീട്ടുവരെ ജില്ലയിലെ അഞ്ച് താലൂക്കുകളിലായി പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം 53 ആയി. 907 കുടുംബങ്ങളിലായി 4215 പേരാണ് ഇവിടെ കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇരിട്ടിയിലാണ്. 19 ക്യാമ്പുകളിൽ 576 കുടുംബങ്ങളിലായി 2,366 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പയ്യന്നൂരിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ക്യാമ്പ് തുറന്നത്. രണ്ട് ക്യാമ്പുകളിൽ 24 കുടുംബങ്ങളിലായി 96 പേരാണ് ഇവിടെ കഴിയുന്നത്.

ജില്ലയിലെ താലൂക്കുകൾ, ക്യാമ്പുകൾ, ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ, അംഗങ്ങൾ എന്ന ക്രമത്തിൽ

കണ്ണൂർ എട്ട് 59 282

തലശ്ശേരി ഏഴ് 68 297

പയ്യന്നൂർ രണ്ട് 24 96

തളിപ്പറമ്പ് 17 180 1174

ഇരിട്ടി 19 576 2366

സഹായങ്ങൾ റവന്യൂവകുപ്പ് മുഖേന

ദുരിതബാധിതർക്ക് സഹായങ്ങൾ നൽകുന്നതിനായി സന്നദ്ധപ്രവർത്തകരെത്തുന്നുണ്ട്. ഇങ്ങനെവരുന്ന സഹായങ്ങൾ താലൂക്ക് ഓഫീസ് തലവൻവഴി നൽകാനാണ് ശ്രമിക്കുന്നത്. ദുരിതബാധിതർക്ക് സഹായമേകാൻ താത്പര്യമുള്ളവർ അതത് താലൂക്കിലെ തഹസിൽദാരുമായി ബന്ധപ്പെടണം.

എൻ.കെ.അബ്രഹാം, ഡെപ്യൂട്ടി കളക്ടർ, ദുരന്തനിവാരണം

കൺട്രോൾ റൂം നമ്പർ

1077 (ടോൾഫ്രീ).

0497 2700645.

0497 2713266.

കൺട്രോൾ റൂമുമായി പോലീസും

ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തും 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

0497 2763330 (ഓഫീസ്).

വി.ഡി.വിജയൻ: 9497990132 (അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്).

ടി.പി.പ്രേമരാജൻ: 9497990133 (ഡെപ്യൂട്ടി സൂപ്രണ്ട്, ക്രൈംബ്രാഞ്ച്).