നടുവിൽ: കുടിയാന്മല മുന്നൂർകൊച്ചിയിൽ ഉച്ചയോടെ ഉരുൾപൊട്ടി. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ ചാലിലൂടെ വെള്ളം കുത്തിയൊഴുകിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മുന്നൂർകൊച്ചി-കണ്ണംകുളം - കരാമരം തട്ട് റോഡിന്റെ കുറേഭാഗം ഒഴുകിപ്പോയി. മലവെള്ളം കുത്തിയൊഴുകി കരകവിഞ്ഞതിനെ തുടർന്ന് കല്ലേപാലത്തിനടുത്ത് രണ്ട് വീടുകളിൽ വെള്ളംകയറി. മണ്ടളത്തെ തോണക്കര ഷിജിമോളുടെ വീട് തെങ്ങുവീണ് തകർന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വയലാമണ്ണിൽ ലിസിയുടെ വീടിന്‌ റബ്ബർമരം വീണതിനെ തുടർന്ന് കേടുപറ്റി.

നടുവിൽ പഞ്ചായത്തിലെ താവുന്ന്, വിളക്കണ്ണൂർ, പുലിക്കുരുമ്പ, കൈതളം, പൊട്ടൻപ്ലാവ്, വെള്ളാട് ,കാവുംകുടി തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. കുടിയാന്മല, പുലിക്കുരുമ്പ, താവുന്ന് പോലുള്ള സ്ഥലങ്ങളിൽ ആദ്യമായി മലവെള്ളം കരകവിഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടാക്കി. കല്ലും മണ്ണും കുത്തിയൊഴുക്കി കൊണ്ടുവരുന്നതിന് മാറ്റമുണ്ടായെങ്കിലും മഴ പെയ്യുന്ന വെള്ളം വലിയഅളവിൽ പുഴകളിലേക്ക് എത്തുകയാണ്. പാലങ്ങളും മറ്റും നിറഞ്ഞൊഴുകുന്നതിന് കാരണം മലയോരമേഖലയിലെ തോടുകളിൽ ഉണ്ടായിട്ടുള്ള നീരൊഴുക്കിന്റെ അളവ് കൂടിയതാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

മൂന്നാംദിവസവും ഇരുട്ടിൽ

മലയോരത്ത് പലഭാഗത്തും വൈദ്യുതി നിലച്ചിട്ട് മൂന്നുദിവസമായി. വെള്ളാട്, കുടിയാന്മല ഭാഗത്താണ് വൈദ്യുതി ഇല്ലാതായത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതുൾപ്പെടെ നിലച്ചതോടെ കുടുംബജോലികൾ താളംതെറ്റി. മൊബൈൽ ചാർജ് ചെയ്യാൻ പറ്റാത്തതും ടി.വി.പ്രവർത്തിപ്പിക്കാൻ കഴിയാത്തതും മൂലം വാർത്തകൾ അറിയാനും അറിയിക്കാനും പറ്റാത്ത സ്ഥിതിയാണുള്ളത്.