കണ്ണൂർ: പ്രളയസമാനമായ മഴ വ്യാഴാഴ്ചയും പെയ്തു. ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസക്യാമ്പുകളിലെത്തി. റെയിൽ, റോഡ്‌ ഗതാഗതം സ്തംഭിച്ചപ്പോൾ യാത്രക്കാർ പെരുവഴിയിലായി. കോഴിക്കോടിനും കാസർകോടിനും ഇടയിൽ പൂർണമായും തീവണ്ടിഗതാഗതം താറുമാറായി.

പ്രളയസമാനം

ഉളിക്കലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്ടുകാർ. ചുഴലിക്കാറ്റും മിന്നലും കനത്തമഴയും അവരെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചമ്പാട് അരയാക്കൂൽ, മൊകേരി വയൽ പ്രദേശത്തെ വീടുകൾ വെള്ളത്തിൽ. പുഞ്ചക്കര റോഡിൽ വെള്ളം കയറി. ആൾക്കാരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

പാപ്പിനിശ്ശേരി തുരുത്തിയിൽ പ്രദേശങ്ങളിൽ രൂക്ഷമഴയാണ് പെയ്തത്. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഴയങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. വെള്ളത്തിൽ മുങ്ങിയ ചെങ്ങളായി, പാവന്നൂർ, ഇരിട്ടി, മുല്ലക്കൊടി ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികളും പോലീസും നാട്ടുകാരും ബോട്ടുകളായി സഹായത്തിനുണ്ട്. ശ്രീകണ്ഠപുരം ടൗൺ വെള്ളത്തിലായപ്പോൾ മൂന്നുദിവസം വൈദ്യുതിബന്ധം നിലച്ചു. ഇരിക്കൂർ, ശ്രീകണ്ഠപുരം, ഉളിക്കൽ, മടമ്പം, ചെമ്പേരി തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗതം നിർത്തിവെച്ചു. കടവത്തൂർ ടൗണും വെള്ളത്തിലായി. പുതിയതെരു ശങ്കരൻകണ്ടിയിൽ വെള്ളംകയറി നിരവധിപേർ കുടുങ്ങി.

ഒളവിലം പാത്തിക്കലിൽ വെള്ളപ്പൊക്കം. 10 വീടുകളിൽ നാശനഷ്ടമുണ്ടായി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കരിവെള്ളൂരിൽ കാറ്റും മഴയും പരക്കെ നാശംവിതച്ചു. വീടുകളിലെ ഷീറ്റുകളും കോഴിഷെഡുകളും പാറിപ്പോയി. കവ്വായി, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ആന്തൂർ കോൾത്തുരുത്തിയിൽ വീടുകളിൽ വെള്ളം കയറി. പാപ്പിനിശ്ശേരി ദിനേശ്ബീഡിക്കടുത്ത കുടുംബങ്ങളെ ഒഴിപ്പിച്ചു. ധർമ്മടത്തുനിന്ന്‌ കപ്പൽ അഴീക്കലെത്തിക്കാൻ കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡ് എത്തി. കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പലെത്തിക്കാനുള്ള ആദ്യശ്രമം വിഫലമായി.

കുപ്പം പുഴയുടെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങൾ വെള്ളത്തിലായി. ചില സ്ഥലങ്ങൾ ഒറ്റപ്പെട്ടു. നൂറോളം കുടുംബങ്ങളെ വീടുകളിൽനിന്നു മാറ്റി. രണ്ടുദിവസമായി തോരാതെപെയ്യുന്ന മഴയെത്തുടർന്ന് പൊന്ന്യം പുഴ കരകവിഞ്ഞു. മൂലക്കടവ്, മാക്കുനി ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി. പന്തക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ ഒൻപത് വീടുകളിലെ ആളുകളെ വെള്ളിയാഴ്ച പുലർച്ചെ മാറ്റി.

കക്കാട് പുഴ കരകവിഞ്ഞ് ടൗൺ മുഴുവൻ വെള്ളത്തിലായി. പ്രദേശത്തെ നൂറോളം കടകളിൽ മലവെള്ളം കയറി നാശമുണ്ടായി. സൂപ്പർ മാർക്കറ്റുകൾ, ഫർണിച്ചർ കടകൾ, പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വെള്ളപ്പൊക്കം ദുരിതമായി.

ഗതാഗതമില്ല

ഇരിക്കൂർ, ശ്രീകണ്ഠപുരം, ഉളിക്കൽ, മടമ്പം, ചെമ്പേരി തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗതം നിർത്തിവെച്ചു. കടവത്തൂർ ടൗണും വെള്ളത്തിലായി. വളപട്ടണത്ത് ടോൾഭാഗത്ത് മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈൻ പൊട്ടി. ഇരിക്കൂർ പാലത്തിനു മുകളിൽ വെള്ളം കയറിയതിനാൽ വാഹനഗതാഗതം നിയന്ത്രിച്ചു. മുണ്ടേരിപ്പുഴ പലേടത്തും കരകവിഞ്ഞൊഴുകി. മുണ്ടേരി കോയ്യോട്ട്പാലം ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. വലിയന്നൂർ വയൽ ഭാഗവും വെള്ളത്തിലായതോടെ അതുവഴി ചെക്കിക്കുളം ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു.

കണ്ണൂർ ആസ്പത്രി, പുതിയതെരു, വളപട്ടണം, അഴീക്കൽ ഫെറി ബസ്സുകൾ പാലോട്ടുവയൽ, പൂതപ്പാറ, മന്ന വഴി പുതിയതെരുവിലേക്ക് തിരിച്ചുവിടുകയാണ്. ഇരുചക്രവാഹനക്കാർക്ക് ദുരിതം ഇരട്ടിച്ചു. വളപട്ടണത്തെ റെയിൽവേ അടിപ്പാതയിൽ വെള്ളം കയറിയതിനാലാണിത്. ഇതുവഴി വലിയ വാഹനങ്ങൾക്കു പോകാനാവില്ല. പൊന്ന്യം പ്രദേശത്തെയും മാഹിയുടെ ഭാഗമായ പന്തക്കലിനെയും ബന്ധിപ്പിക്കുന്ന, പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കമ്പിപ്പാലം, പുഴയിൽ വെള്ളം നിറഞ്ഞതോടെ അപകടാവസ്ഥയിലാണ്‌. പുഴയിൽ നിന്ന് വേലിയേറ്റം കാരണം വനജ ടാക്കീസ് പരിസരം, വളപട്ടണം പാലം പാർക്ക് റോഡ്, കീരിയാട് ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിൽ.

പ്രവേശനം നിരോധിച്ചു

കണ്ണൂർ: കനത്തമഴമൂലം സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ജില്ലയിലെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി ഞായറാഴ്ചവരെ നിരോധിച്ചു.

ജില്ലയിലെ മുഴുവൻ ബീച്ചുകളിലും സഞ്ചാരികളുടെ പ്രവേശനം കർശനമായി വിലക്കി. മുഴപ്പിലങ്ങാട് ബീച്ചിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിലവിൽ നിരോധനമുണ്ട്.

ക്യാമ്പുകളിൽ സഹായം വേണം

കണ്ണൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി ഭക്ഷ്യവസ്തുക്കൾ, വസ്ത്രം തുടങ്ങിയവ ആവശ്യമുണ്ട്. സന്നദ്ധരായവർ കളക്ടറേറ്റിലെ കൺട്രോൾ സംഘവുമായി ബന്ധപ്പെടണം. ബെഡ്ഷീറ്റ്, കുഞ്ഞുടുപ്പുകൾ, ലുങ്കി, ഷർട്ട്, ടീഷർട്ട്, സാനിറ്ററി നാപ്കിൻ, തോർത്ത്, സോപ്പ്, ബിസ്‌ക്കറ്റ്, ബ്രഡ്, അരി, ചെറുപയർ, പഞ്ചസാര, കടല, പരിപ്പ്, വെളിച്ചെണ്ണ, മെഴുകുതിരി എന്നിവയാണ് പ്രധാനമായും ആവശ്യം.

ഫോൺ: ഡെപ്യൂട്ടി കളക്ടർ സജി- 8547616030, റിംന- 9400051410, 7012776976.