കണ്ണൂർ: ജയിലിൽനിന്ന്‌ ബിരിയാണിയും മറ്റുവിഭവങ്ങളും ഒാൺലൈനായി വീട്ടിലെത്തിക്കുന്നു. നിലവിൽ ജയിലിന്‌ മുൻപിലെ സ്റ്റാളുകളിലും പ്രത്യേക വാഹനങ്ങളിലും വിൽക്കുന്നതിന്‌ പുറമെയാണിത്. നഗരത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലാണ് സാധനങ്ങൾ എത്തിക്കുക.

കണ്ണൂർ സെൻട്രൽ ജയിലിൽ ഓഗസ്റ്റ് ഒന്നുമുതൽ സംവിധാനം വരും. ‘ഇലയിലൊരു ഓൺലൈൻ ബിരിയാണി’യിൽ പൊരിച്ച കോഴിക്കാൽ ചേർത്ത 300 ഗ്രാം ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കൻകറി, ഒരുലിറ്റർ കുപ്പിവെള്ളം, ഒരു കപ്പുകേക്ക്, സലാഡ്, അച്ചാർ എന്നിവ കിട്ടും. എല്ലാറ്റിനുംകൂടി വില 127 രൂപ.

നിലവിൽ ജയിലിലെ വിഭവങ്ങൾക്ക്‌ നല്ല ചെലവുണ്ട്. വിലക്കുറവ്‌ തന്നെയാണ്‌ ആകർഷകം. പക്ഷേ, നഗരത്തിൽ മാത്രമേ വിൽപ്പനയുള്ളൂ. അതിനാലാണ്‌ വീടുകളിൽ ജയിൽവിഭവം എത്തിക്കുന്ന സംവിധാനം വരുന്നത്‌. ചിക്കൻ ബിരിയാണി, ചപ്പാത്തി, ചിക്കൻകറി, വെജിറ്റബിൾ കറി, ചിക്കൻ കബാബ്, ചില്ലി ചിക്കൻ, ചിപ്സ്, ലഡു, ചോക് ലേറ്റ് എന്നിവയാണ് ജയിൽ വിഭവങ്ങൾ.

ചപ്പാത്തിയും ചിക്കൻ വിഭവങ്ങളുമടങ്ങിയ ഒരുസെറ്റും വെജിറ്റബിൾ ബിരിയാണിയും ചപ്പാത്തിയും ഗോബി മഞ്ചൂരിയുമടങ്ങുന്ന മറ്റൊരു സെറ്റുമുണ്ടാകും. എല്ലാ സെറ്റിലും ലഡുവും ഒരുകുപ്പി വെള്ളവുമുണ്ടാകും. വെള്ളം ആവശ്യമില്ലാത്തവർക്ക്‌ അത്‌ ഒഴിവാക്കാം.

പോയവർഷങ്ങളിൽ ഭക്ഷണവിൽപ്പനവഴി കോടികളുടെ ലാഭമാണ്‌ ജയിൽവകുപ്പിനുണ്ടായത്‌. തടവുകാർക്കും ഇത്ുവഴി മെച്ചപ്പെട്ട വേതനം ലഭിക്കുന്നുണ്ട്‌. ഓൺലൈൻ വിതരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്‌ അറിയിക്കും.