ചക്കരക്കല്ല്: പോലീസ് പിടിച്ചെടുത്ത്‌ സൂക്ഷിച്ച വാഹനങ്ങൾ തീപിടിച്ച്‌ കത്തിനശിച്ചു. മുഴപ്പാല ബംഗ്ലാവ് മെട്ടക്ക് സമീപത്തെ ഗ്രൗണ്ടിൽ പിടിച്ചിട്ട ഏതാനും വാഹനങ്ങളാണ് ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കത്തിയത്. രണ്ട്‌ ഓട്ടോറിക്ഷകളും രണ്ട്‌ സ്കൂട്ടറുകളും നശിച്ചു. മട്ടന്നൂരിൽനിന്ന്‌ രണ്ട്‌ യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തീരദേശനിയമലംഘനം നടത്തിയ കുറെ വാഹനങ്ങൾ ലേലംചെയ്ത്‌ വിൽക്കുന്ന പ്രവർത്തനങ്ങൾ ഏതാനും നാളുകളായി ഇവിടെ നടന്നുവരികയാണ്.

ഇതുമായി ബന്ധപ്പെട്ട ചിലത് കൊണ്ടുപോകാൻ ശ്രമം തുടങ്ങി. ഗ്യാസ് കട്ടർ ഉപയോഗിച്ച് ശനിയാഴ്ച പകൽ ചില പ്രവൃത്തികൾ നടത്തിയിരുന്നു. ഇതിന്റെ തീപ്പൊരിയിൽനിന്ന് പടർന്ന് കത്തിയതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. കൂടുതൽ വാഹനങ്ങൾക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞെങ്കിലും രാത്രി വൈകുന്നതുവരെ അഗ്നിരക്ഷാസേന ഇവിടെയുണ്ടായിരുന്നു. നിയമലംഘനങ്ങളും അപകടങ്ങളും വഴി പോലീസ് പിടിച്ചെടുത്ത ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ വർഷങ്ങളായി മഴയും വെയിലുമേറ്റ് കിടക്കുന്നത്.