fishകണ്ണൂർ: അഞ്ചാറുവർഷം മുൻപത്തെ സ്ഥിതിയല്ല ഇപ്പോൾ മത്സ്യമേഖലയിൽ. സാധാരണക്കാരുടെ ഇഷ്ടമത്സ്യങ്ങളായ മത്തിക്കും അയലയ്ക്കും ക്ഷാമമാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യമാണ് കൂടുതലും മാർക്കറ്റിൽ ലഭിക്കുന്നത്. ഇവ പലതും ഗുണനിലവാരമില്ലാത്തവ കൂടിയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ മത്സ്യവില കുതിച്ചുയരുന്നു.

മത്തിക്ക് 160-മുതൽ 200 രൂപ വരെ വിലയുണ്ട്. അയലയുടെ വില കിലോയ്ക്ക് 250 ആണ്. ചെമ്മീന് 320 ആണെങ്കിൽ അയക്കൂറയുടെ വില 800 ആണ്.

മത്സ്യത്തൊഴിലാളികൾ മറ്റ് ജോലികൾ തേടുന്നു...

മത്സ്യലഭ്യതക്കുറവുമൂലം ജീവിതം വഴിമുട്ടിയതോടെ മത്സ്യത്തൊഴിലാളികൾ മറ്റ് തൊഴിലുകൾ തേടുകയാണ്. പലരും കെട്ടിടനിർമാണ മേഖലയിലേക്കും നാടൻ പണികളിലേക്കും പെയിന്റിങ്ങിലേക്കുമെല്ലാം ചേക്കേറിക്കഴിഞ്ഞു. ആഴ്ചയിൽ ഒരുദിവസംപോലും പണിയില്ലാതെ എങ്ങിനെ ജീവിക്കും. ഇപ്പോൾ മാസത്തിൽതന്നെ ചിലദിവസം മാത്രമാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. മുൻപ് കൊട്ടക്കണക്കിന് മത്സ്യം കിട്ടിയ സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് പേരിനുമാത്രം. ഇന്ധനച്ചെലവിനുപോലും ഉണ്ടാകില്ല. മത്സ്യലഭ്യതക്കുറവിന് പല കാരണങ്ങൾ ഉണ്ട്. കാലാവസ്ഥാമാറ്റവും അശാസ്ത്രീയമായ മീൻപിടിത്തവും കാരണമായിട്ടുണ്ട്. കടലിന്റെ താപനിലയിലും പരിസ്ഥിതിപ്രശ്നങ്ങൾ കാരണം മാറ്റമുണ്ടായിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിന്റെ അടിത്തട്ടുനിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇത് കടലിന്റെ ആവാസവ്യവസ്ഥയെ തകരാറിലാക്കിയിരിക്കുന്നു. കടലിലെ ജീവികൾക്ക് നാശമുണ്ടാകുന്നത് മത്സ്യങ്ങളെയും ബാധിക്കുന്നു.

കടംവാങ്ങിയാണ്...

"ധാരാളം മീൻകിട്ടേണ്ട സമയമാണിത്. എന്നാൽ, കടലിൽ പോയാൽ ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ആരും ജോലിക്ക് പോകുന്നില്ല. കടം വാങ്ങിയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത് " -അഴീക്കലിലെ മത്സ്യത്തൊഴിലാളി എൻ.മനോജ് പറയുന്നു.