കണ്ണൂർ: ഒൻപതുമാസമായിട്ടും അധികൃതരുടെ കണ്ണെത്തിയിട്ടില്ല ഈ വഴിക്ക്. കണ്ണൂർ കോർപ്പറേഷനിലെ അമൃത് പദ്ധതിയിൽ പൈപ്പിടാനായാണ് കണ്ണൂർ-ചാലാട്-അലവിൽ റോഡിന് മധ്യത്തിലായി നീളത്തിൽ കുഴിയെടുത്തത്. മാസങ്ങളേറെയായിട്ടും കുഴിമൂടി ടാർ ചെയ്യാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിനിടയിൽപ്പെടുന്ന ചെറിയ വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ചിതറിക്കിടക്കുന്ന കരിങ്കല്ലുകൾക്ക് മുകളിൽ ബൈക്ക് കയറി തെന്നി വീണ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടയറിനടിയിൽപ്പെട്ട കല്ലുകൾ തെറിച്ച് വഴിയാത്രക്കാർക്ക് മാത്രമല്ല മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും പരിക്കേൽക്കുന്നു. ചില വാഹനങ്ങളുടെ ചില്ലുകളും തകർ‌ന്നു. പൊടിശല്യവും ഏറെയാണെന്ന്‌ സമീപത്തുള്ളവർ പറയുന്നു.

പുതിയതെരു-കാൽടെക്സ് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ പയ്യന്നൂർ, തളിപ്പറമ്പ് ഭാഗത്തേക്കുള്ള പ്രധാന ബൈപ്പാസായി ഉപയോഗിക്കുന്നതും ഇതേ റോഡാണ്.

റോഡ് ഉടൻ റീടാർ ചെയ്ത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മന്ത്രി ജി.സുധാകരന് നിവേദനം നൽകി. കണ്ണൂർ കോർപ്പറേഷൻ മേയർ, വാട്ടർ അതോറിറ്റി, പി.ഡബ്ള്യു.ഡി, ‌കളക്ടർ എന്നിവർക്കും ട്രസ്റ്റ് പ്രവർത്തകർ പരാതി നൽകി. ഉടൻ പണി പൂർത്തീകരിച്ചില്ലെങ്കിൽ റോഡ് തടയൽ ഉൾപ്പെടെയുള്ള ജനകീയസമരവുമായി മുന്നോട്ടു നീങ്ങാനാണ് ട്രസ്റ്റിന്റെ തീരുമാനം.

റോഡ് ടാറിങ്ങിനായി വാട്ടർ അതോറിറ്റി കണ്ണൂർ കോർപ്പറേഷന് പണം കൈമാറിയിട്ടുണ്ടെന്ന് പറയുന്നു. കണ്ണൂർ കോർപ്പറേഷൻ അത് പി.ഡബ്ള്യു.ഡി റോഡ്‌സ് വിഭാഗത്തെ ഏൽപ്പിച്ചതായും സൂചനയുണ്ട്. എങ്കിലും റോഡ് ടാറിങ്ങിന്റെ ഉത്തരവാദിത്വം ഒരുവകുപ്പും നേരിട്ട് ഏറ്റെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.