കണ്ണൂർ: പടന്നപ്പാലം-ചാലാട്-അലവിൽ റോഡിലെത്തിയാൽ അധികൃതരുടെ അനാസ്ഥയ്ക്ക് വേറെ തെളിവുതേടേണ്ട. കല്ലുകൾകൊണ്ട് അപകടക്കെണിയൊരുക്കിയാണ് അധികൃതർ ഇവിടെ യാത്രക്കാരെ വലയ്ക്കുന്നത്.

കുടിവെള്ള പൈപ്പിടാനായി ഇവിടെ റോഡ് നെടുകെ പിളർന്ന് കുഴിയെടുത്തിരുന്നു. ഇത് നികത്താനായി നിറച്ച കരിങ്കല്ലുകൾ ഇപ്പോൾ റോഡിൽ ചിതറിക്കിടക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.

വലിയ വാഹനങ്ങൾ പോകുമ്പോൾ കല്ലുതെറിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നുമുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്കും കടകളിലേക്കും കല്ലുതെറിക്കുകയുംചെയ്യുന്നു.

അമൃത് കുടിവെള്ളപദ്ധതിക്കുവേണ്ടിയാണ് ഇവിടെ മാസങ്ങൾക്കുമുൻപ് റോഡ് കീറിയത്. പൈപ്പിട്ടശേഷം മണ്ണിട്ടുമൂടി. പിന്നീട് കരിങ്കല്ല് നിറയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ റോഡുനിറയെ ചിതറിക്കിടക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡിന്റെ ടാറിട്ട ഭാഗത്തുതന്നെ നീളത്തിൽ കുഴിയെടുത്തത്.

ശരിയായി മൂടാത്തതുകാരണം മഴക്കാലത്ത് റോഡരികിൽ മണ്ണും ചെളിയും പടർന്നുകിടക്കുകയായിരുന്നു. പടന്നപ്പാലത്തും ചാലാട് ടൗണിലും ചെളിമൂലം വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ റോഡിന്റെ സ്ഥിതി അതിനേക്കാൾ കഷ്ടമായെന്നാണ് നാട്ടുകാർ പറയുന്നത്.