മയ്യിൽ: പാതിവഴിയിൽ നിലച്ചുപോയ കുറ്റ്യാട്ടൂർ തണ്ടപ്പുറം കൂവച്ചിക്കുന്നിലെ കിഴക്കെ പുരയിൽ സരോജയുടെ വീട് നിർമാണത്തിന് സഹായവാഗ്ദാനങ്ങളുമായി വീണ്ടും സുമനസ്സുകളെത്തി. 12 വർഷം മുൻപ്‌ നിർമിച്ച വീടിന്റെ തറയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുകയായിരുന്ന സരോജയെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്നാണ് കെ.പി.സി.സി. ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ പി.പി.സിദ്ദീഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി.അബ്ദുൾഗഫൂർ എന്നിവർ സരോജയുടെ വീട്ടിലെത്തി

സഹായവാഗ്ദാനം നൽകിയത്. നിലവിൽ ഇവർക്ക് കിണറോ വൈദ്യുതിയോ കക്കൂസ്‌ പോലുമോ ഇല്ലാത്ത സ്ഥിതിയാണ്. കൂടാളി ഹൈസ്കൂളിൽ ഒൻപതാം തരത്തിൽ പഠിക്കുന്ന സരോജയുടെ മകൾ കാവ്യയുടെ അധ്യാപകർ, സഹപാഠികൾ എന്നിവർ ഇവിടെയെത്തി കുടിവെള്ള സൗകര്യമൊരുക്കും. ആർട്ട് ഓഫ് ലിവിങ് കണ്ണൂർ ജില്ലാ കമ്മിറ്റി സരോജയുടെ വീട് നിർമാണത്തിനായി കമ്മിറ്റി രൂപവത്കരിച്ചു. കെ.വി.പ്രശാന്ത് ചെയർമാനും വിനോദ് അരിയേരി കൺവീനറും മധു കക്കോത്ത് ഖജാൻജിയുമായ കമ്മിറ്റിയാണ് വീട് നിർമാണം തുടങ്ങിയത്.