kannurകണ്ണൂർ: സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചകത്തൊഴിലാളികളുടെ വേതനം മുടങ്ങി. ജില്ലയിലെ ആയിരത്തോളം തൊഴിലാളികൾക്കാണ് രണ്ടുമാസമായി ദിവസവേതനം ലഭിക്കാത്തത്. ട്രഷറികളിൽ ബിൽ പാസ്സാവുന്നതിന്റെ പ്രശ്നമാണ് തുക ലഭിക്കാൻ വൈകുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിലെ ബില്ലാണ് പാസാകാനുള്ളത്.

ജില്ലയിൽ 1230 ഓളം സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുണ്ട്. ഇതിൽത്തന്നെ 500-നു മുകളിൽ കുട്ടികളുള്ള സ്കൂളുകളുണ്ട്. ഇവിടെ രണ്ട് പാചകത്തൊഴിലാളികളാണ് ഉണ്ടാവുക. ഇതടക്കം ജില്ലയിൽ 1500-ലധികം തൊഴിലാളികൾ ജോലിചെയ്യുന്നു. സെപ്റ്റംബർമാസം വരെ ഇവരുടെ ദിവസവേതനം 400 രൂപയായിരുന്നു. ഒക്ടോബർ മുതൽ 500 രൂപയായി വർധിച്ചു. വേതനം വർധിച്ചമാസം മുതലുള്ള വേതനമാണ് കിട്ടാനുള്ളത്.

20 പ്രവർത്തിദിനം കൂട്ടിയാൽ 10,000 രൂപയാണ് പാചകത്തൊഴിലാളിക്ക് മാസം കിട്ടുക. ഉച്ചഭക്ഷണത്തിന്റെയും തൊഴിലാളികളുടെയും തുക അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അക്കൗണ്ടിലേക്കാണ് നേരത്തെ സർക്കാർ നൽകിയിരുന്നത്. എ.ഇ.ഒ.യുടെ അക്കൗണ്ടിൽനിന്ന് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറും. ഈരീതി മാറി. ഇപ്പോഴത് ട്രഷറി മുഖാന്തരമാണ് നൽകുന്നത്. ഇതാണ് കാലതാമസം വരാനുള്ള കാരണം.

ഒമ്പത് ഉപജില്ലകളിൽ ഫണ്ട് പാസായി

പാചകത്തൊഴിലാളികളുടെ ബിൽ ട്രഷറിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർ കെ.സി.വിനോദ്‌കുമാർ പറഞ്ഞു. ഓരോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും കീഴിൽ അഞ്ച് ലക്ഷത്തിന് മുകളിൽ വരുന്ന ഫണ്ട് പാസ്സാക്കാൻ ട്രഷറിയിൽ വരുന്ന പ്രശ്നമാണ് വേതനം നീളാൻ കാരണം. 15 ഉപജില്ലകളുള്ളതിൽ ഒമ്പത് ഉപജില്ലകളിൽ ഫണ്ട് പാസായിട്ടുണ്ട്. സംസ്ഥാനത്ത് ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.