തലശ്ശേരി: ഗതാഗതക്കുരുക്കുകൊണ്ട് വലയുന്ന കുയ്യാലിപ്പാലത്തിന് പകരം റെയിൽവേ മേൽപ്പാലം നിർമിക്കണമെന്ന് കോൺഗ്രസ് നോർത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കുയ്യാലിപ്പാലം അപകടനിലയിലാണ്. അതേസ്ഥാനത്ത് പുതിയ പാലം പണിതാൽ മുന്നിൽ റെയിൽവേ ഗേറ്റിന്റെ കുരുക്കുണ്ട്. കുയ്യാലിപ്പുഴയിലൂടെ ജലപാത യാഥാർഥ്യമായാൽ ഉയരത്തിലുള്ള പാലം വേണ്ടിവരും. ഈ സാഹചര്യത്തിൽ പുതിയ പാലത്തിന് പകരം റെയിൽവേ മേൽപ്പാലമാണ് അനുയോജ്യമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ജവാഹർലാൽ നെഹ്രു-ഇന്ദിരാഗാന്ധി അനുസ്മരണവും സമ്മേളനവും കുടുംബസംഗമവും ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കെ.ഇ.പവിത്രരാജ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വി.എൻ.ജയരാജ്, എം.പി.അരവിന്ദാക്ഷൻ, അഡ്വ. സി.ടി.സജിത്ത്, മണ്ണയാട് ബാലകൃഷ്ണൻ, എം.എ.മോഹനൻ, എം.വി.സതീശൻ എന്നിവർ സംസാരിച്ചു. സജ്ജീവ് മാറോളി സമ്മാനദാനം നടത്തി.