ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണത്തിന്റ ഭാഗമായി ഇരിട്ടി പാലം ജങ്ഷൻ വീതികൂട്ടുന്നതിന് അധികമായി ഏറ്റെടുത്ത ഭൂമിയിലെ കുന്ന് ഇടിച്ച് നിരപ്പാക്കുന്ന പണി തുടങ്ങി. ഇതിന്റഭാഗമായി 21 മുതൽ പാലം ജങ്ഷൻ മുതൽ മാടത്തിൽവരെ രാത്രിഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തും.
കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം ഇടിച്ചുനിരപ്പാക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടഭീഷണി മുന്നിൽ കണ്ടാണിത്. വൻ പൊക്കത്തിലുള്ള കുന്ന് വിവിധ തട്ടുകളാക്കിയാണ് ഇടിക്കുന്നത്. പണി തുടങ്ങിയാൽ ഗതാഗതം നിരോധിക്കണമെന്നുകാണിച്ച് കരാർ കമ്പനി കെ.എസ്.ടി.പി.ക്ക് കത്തുനൽകിയിരുന്നു. ഇതേത്തുടർന്ന്, ഇരിട്ടി പോലീസ് സ്റ്റേഷനിൽ ചേർന്ന ആലോചനായോഗത്തിലാണ് നിരോധനത്തിന് തീരുമാനമായത്.
ഇരിട്ടിപാലം മുതൽ മാടത്തിൽവരെയുള്ള റോഡ് രാത്രി ഒൻപത് മുതൽ പുലർച്ചെ 5.30 വരെ പൂർണമായും അടച്ചിടാനാണ് തീരുമാനം. പകരംസംവിധാനമായി എടൂർ ഭാഗത്തുനിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കോറമുക്ക്, ചീങ്ങാക്കുണ്ടം, പായം ജങ്ഷൻ, കരിയാൽ, ജബ്ബാർക്കടവ് വഴി ടൗണിൽ പ്രവേശിക്കണം. കൂട്ടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വള്ളിത്തോട്നിന്ന് മലയോര ഹൈവേയിലേക്ക് കയറി ഉളിക്കൽ, തന്തോട് വഴി ഇരിട്ടി ടൗണിൽ പ്രവേശിക്കണം.
യോഗത്തിൽ ഇരിട്ടി സി.ഐ. എ.കുട്ടിക്കൃഷ്ണൻ, നഗരസഭാ ചെയർമാൻ പി.പി.അശോകൻ, വിവിധ രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി, ബസ്, ടാക്സി ഓണേഴ്‌സ് പ്രതിനിധികളായ ബിനോയ്‌കുര്യൻ, ഹംസ, സത്യൻ കൊമ്മേരി, അജയൻ പായം, പായം ബാബുരാജ്, നാസർ, പി.എ.നസീർ, വി.പി.പോൾ, പി.ഫൈസൽ, റജി തോമസ്, അബ്ദുൾ റഹീം, സി.എം.രാജു, കെ.ബാബു എന്നിവർ പങ്കെടുത്തു.