തളിപ്പറമ്പ്: ഹൃദയത്തോട് സംസാരിക്കണമെങ്കിൽ മാതൃഭാഷ വേണമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയിൽ ഹൃദയം ഹൃദയത്തോട് സംസാരിച്ചാലേ ഹൃദയങ്ങൾ തമ്മിൽ ബന്ധമുണ്ടാകൂ. എല്ലാ ഭാഷകളും സമ്പന്നമാണ്. മാതൃഭാഷ ഏറെ സമ്പന്നമാണ്. എല്ലാ ഭാഷകളും പഠിക്കണം. കേരളത്തിലെ മുഴുവൻ ജനങ്ങളെയും പൊതുവിദ്യാഭ്യാസത്തിനൊപ്പം നിർത്തുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജയിംസ് മാത്യു എം.എൽ.എ. അധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, കൗൺസിലർ കെ.ഹഫ്‌സത്ത്, ഡി.ഇ.ഒ. എം.കെ.ഉഷ, എസ്.പി.രമേശൻ, അഡ്വ. പി.വി.ശ്രീധരൻ നമ്പ്യാർ, പി.വി.ബാലകൃഷ്ണൻ, പ്രഥമാധ്യാപിക പി.വിജയലക്ഷ്മി, കെ.ജി.ശശീന്ദ്രൻ, പ്രിൻസിപ്പൽ ടി.പി.മായാമണി, എം.ജെ.മാത്യു തുടങ്ങിയവർ സംസാരിച്ചു.