ചിറ്റാരിപ്പറമ്പ്: ശ്മശാന ലൈസൻസില്ലാതെ പ്രവർത്തിച്ചുവരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്.
ചിറ്റാരിപ്പറമ്പ് പതിനഞ്ചാംമൈലിൽ പ്രവർത്തിച്ചുവരുന്ന ശ്മശാനത്തിൽ ആധുനികരീതിയിലുള്ള വാതകശ്മശാനം നിർമിക്കുന്നതുവരെ നിലവിലുള്ള ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാനാണ് കളക്ടറുടെ ഉത്തരവ്.
1982-ൽ ഗ്രാമപ്പഞ്ചായത്ത് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ശ്മശാന കെട്ടിടം 2017 മാർച്ച് ഇരുപതിനാണ് ഉദ്ഘാടനംചെയ്തത്.
ശ്മശാനത്തിൽ ചിരട്ടയും മടലും ഉപയോഗിച്ച് ശവസംസ്കാരം നടക്കുമ്പോളുണ്ടാകുന്ന രൂക്ഷമായ പുകയും മണവുംകൊണ്ട് പരിസരമലനീകരണം ഉണ്ടാക്കുന്നതായും ശവസംസ്കാരം നടക്കുമ്പോൾ ശ്മശാനത്തിന് സമീപത്തെ ഇരുപതോളം വീട്ടുകാർക്ക് വീട്ടിനുള്ളിൽ നിൽക്കാൻകഴിയുന്നില്ലെന്നും കാണിച്ച് പരിസരവാസികൾ പഞ്ചായത്ത്, വില്ലേജ്, കളക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
എ.ഡി.എമ്മിന്റെ നിർദേശപ്രകാരം മാനന്തേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. തുടർന്ന് വീട്ടുകാർ ഹൈക്കോടതിയിൽ പരാതി നൽകി. കോടതി നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പരിസരമലിനീകരണം കോടതിക്ക് റിപ്പോർട്ടുചെയ്തു. കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട കക്ഷികളുമായി നേരിട്ട് ചർച്ചനടത്തി ഉചിതമായ തീരുമാനമെടുക്കാൻ കളക്ടറോട് നിർദേശിച്ചിരുന്നു. തുടർന്ന് എ.ഡി.എം. സ്ഥലപരിശോധനനടത്തുകയും ജില്ലാ കളക്ടറുടെ ശ്മശാന ലൈസൻസ് ഇല്ലാതെയാണ് ശ്മശാനം പ്രവർത്തിക്കുന്നതെന്നും ശവസംസ്കാരസമയത്ത് പരിസരമലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കണ്ടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആധുനിക വാതകശ്മശാനം നിർമിച്ച് പ്രവർത്തനസജ്ജമാകുന്നതുവരെ ശ്മശാനത്തിൽ ശവസംസ്കാരം നടത്തുന്നത് നിർത്തിവെച്ച് ഉത്തരവായത്.
പഞ്ചായത്ത് പൊതുശ്മശാനം വാതകശ്മശാനമാക്കിമാറ്റാൻ ഫണ്ട് പാസായിട്ടുണ്ട്. ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ല.
ടി.എം.പ്രമീള (സെക്രട്ടറി, ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത്)