കണ്ണൂർ: പ്രളയത്തിൽ നഷ്ടമായ രേഖകൾ വീണ്ടെടുക്കാനായി ജില്ലാ ഭരണകൂടവും സംസ്ഥാന ഐ.ടി. മിഷനും സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി. ആധാർ, എസ്.എസ്.എൽ.സി. ബുക്ക്, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ആധാരങ്ങൾ, ജനനമരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, ജാതി-സമുദായ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ പകർപ്പാണ് അദാലത്തിലൂടെ വിതരണംചെയ്തത്.

കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും അക്കാദമിക് ഹാളിലുമായി നടന്ന അദാലത്തിൽ 55 പേരാണ് വിവിധ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷ നൽകിയത്. ഇതിൽ 43 പേർക്ക് വിവിധ വകുപ്പുകളിൽനിന്നായി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നൽകി. 12 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് തുടർനടപടികൾക്കായി വിട്ടു. അദാലത്തിൽ ആധാറിലെ മൊബൈൽ നമ്പർ അപ്‌ഡേഷൻ സേവനവും ലഭ്യമാക്കി.

അദാലത്തിൽ പങ്കെടുത്ത എല്ലാവർക്കും ഡിജിലോക്കർ അക്കൗണ്ടുകൾ തുറക്കാനും അവസരമൊരുക്കിയിരുന്നു. ഭാവിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനുവേണ്ടിയാണിത്. എസ്.എസ്.എൽ.സി. ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതൽ അപേക്ഷകൾ ലഭിച്ചത്.