കണ്ണൂർ: ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധസംഘടനകളെ ഉൾപ്പെടുത്തി ജില്ലാതല ഇന്റർ ഏജൻസി കോ ഓർഡിനേഷൻ ഗ്രൂപ്പ് രൂപവത്കരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് 11 അംഗ കമ്മിറ്റി രൂപവത്കരിച്ചത്. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സന്നദ്ധസംഘടനകളെയും ഉൾപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഉണ്ടാക്കും. ജില്ലാ ദുരന്തനിവാരണ ആസൂത്രണരേഖ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് രാവിലെ 10.30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുഴുവൻ സന്നദ്ധസംഘടനകളുടെയും യോഗം ചേരും. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ 21-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ പ്രചാരണ സ്കിറ്റും നടത്തും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ദുരന്ത മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുന്നതിന്റെയും എമർജൻസി കിറ്റുകൾ ഒരുക്കിവെക്കുന്നതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണിത്. ജി.വി.എച്ച്.എസ്.എസ്. കണ്ണൂർ (ഉച്ചയ്ക്ക് 12.30), പയ്യാമ്പലം ബീച്ച് (4.30), നാറാത്ത് കാക്കത്തുരുത്തി (വൈകീട്ട് ആറുമണി) എന്നിവിടങ്ങളിലാണ് പരിപാടി.

യോഗത്തിൽ കളക്ടർ ടി.വി.സുഭാഷ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കളക്ടർ വി.വിശാലാക്ഷി, അഭിജ ജഗദീഷ്, വിഷ്ണു വിജയൻ, എസ്.പ്രവീൺ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.