കണ്ണൂർ: ചുമതലയേൽക്കും മുൻപ്‌ കുടുംബശ്രീ ഓഫീസ് പ്രവർത്തനത്തിൽ മെമ്പർസെക്രട്ടറി ഇടപെട്ടെന്നാരോപിച്ച് പ്രതിഷേധം. ചൊവ്വാഴ്ച രാവിലെയാണ് ഒരുകൂട്ടം സി.ഡി.എസ്. അംഗങ്ങൾ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന കുടുംബശ്രീ ഓഫീസിനുമുന്നിൽ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ കൗൺസിൽയോഗം തിരഞ്ഞെടുത്ത മെമ്പർസെക്രട്ടറി ചുമതലയേൽക്കും മുൻപ്‌ ഓഫീസ് പൂട്ടിയതാണ് പ്രതിഷേധത്തിന് കാരണമായത്.

സ്വയംഭരണ സ്ഥാപനമായ കുടുംബശ്രീയുടെ അധികാരത്തിൽ കൈ കടത്താൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കൗൺസിൽ യോഗം മെമ്പർ സെക്രട്ടറിയായി തിരഞ്ഞെടുത്തയാളും ശ്രമിക്കുന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

29-ന് ചേർന്ന കൗൺസിൽ യോഗം മെമ്പർസെക്രട്ടറിയായിരുന്ന പി.ആർ.സ്മിതയെ മാറ്റി കെ.ഉദയകുമാറിനെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. മുൻ മെമ്പർസെക്രട്ടറി ചുമതല കൈമാറിയശേഷം മാത്രമേ പുതിയ ആൾ ഓഫീസിന്റെ പ്രവർത്തനത്തിൽ ഇടപെടാൻ പാടുള്ളൂവെന്നിരിക്കെ ഇവിടെ അതൊന്നുമുണ്ടായില്ലെന്നാണ് സി.ഡി.എസ്. അംഗങ്ങളുടെ ആരോപണം.

പുതിയ മെമ്പർസെക്രട്ടറി ചുമതല ഏൽക്കുമ്പോൾ മുൻ മെമ്പർ സെക്രട്ടറി പെൻഡിങ് ലിസ്റ്റ് തയ്യാറാക്കി ഫയൽചെയ്ത് ചാർജ് റിപ്പോർട്ട് പുതുതായി ചുമതലയേൽക്കുന്നയാളിന് കൈമാറണം. അവധിയിലായ മെമ്പർസെക്രട്ടറി പുതിയ ആൾക്ക് ചുമതല കൈമാറിയിരുന്നില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുൻപ്‌ പുതുതായി ചുമതലയേൽക്കേണ്ട മെമ്പർസെക്രട്ടറി പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയതാണ് വിവാദമായത്.

ജോലികഴിഞ്ഞ് അക്കൗണ്ടന്റുമാർ ഓഫീസ് പൂട്ടാൻ ശ്രമിച്ച സമയത്ത് അതിന് അനുവദിക്കാതെ പുതിയ താക്കോൽ ഉപയോഗിച്ച് ഉദയകുമാർ ഓഫീസ് പൂട്ടുകയായിരുന്നെന്ന് സി.ഡി.എസ്. ചെയർപേഴ്സ‌ൺ കെ. നിർമല പറഞ്ഞു. താക്കോൽ ജീവനക്കാർക്ക് കൈമാറുകയും ചെയ്തില്ല. പുതിയ മെമ്പർസെക്രട്ടറി ചുമതലയേൽക്കുന്നതായ ഒരു വിവരവും തനിക്ക് രേഖാമൂലം ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ എത്തുമ്പോൾ ഓഫീസ് തുറന്നിട്ട നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ ഡെപ്യൂട്ടി മേയറുടെ നിർദേശപ്രകാരമാണ് താൻ ഓഫീസ് പൂട്ടിയതെന്ന് കെ.ഉദയകുമാർ പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരുടെ ആധാരമുൾപ്പെടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഫയലുകൾക്ക് സുരക്ഷയില്ലാത്ത രീതിയിൽ ഓഫീസ് തുറന്നിട്ട് പോയത് ന്യായീകരിക്കാൻ സാധിക്കില്ല. ഉദയകുമാറിന്റെ ഭാഗത്തുനിന്ന്‌ നിരുത്തരവാദപരമായ നടപടിയാണുണ്ടായത്. ഓഫീസ് രാവിലെ തുറന്നിട്ട് പോവുകയാണ് ചെയ്തത്. അദ്ദേഹം ഓഫീസിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല.

പ്രശ്നം പരിഹരിച്ചു

കോർപ്പറേഷൻ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം രമ്യമായരീതിയിൽ പരിഹരിച്ചു. പുതിയ മെമ്പർസെക്രട്ടറി മുൻ സെക്രട്ടറിയിൽനിന്ന്‌ ചുമതല ഏറ്റെടുത്തിരുന്നില്ല. സാധാരണ ചെയ്യാറുള്ളതുപോലെ ഓഫീസിന്റെ ഒരു താക്കോൽ സി.ഡി.എസ്. ചെയർപേഴ്‌സണും ഒരു താക്കോൽ മെമ്പർസെക്രട്ടറിക്കും ഒരു താക്കോൽ ഓഫീസ് ജീവനക്കാർക്കും നൽകാനാണ് തീരുമാനം.

(ഡോ. എം.സുർജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ).

അഴിമതി പുറത്താവുന്നതിലെ ജാള്യം

കൗൺസിലിന്റെ തീരുമാനപ്രകാരം മെമ്പർസെക്രട്ടറി മാറിയിട്ടുണ്ട്. അദ്ദേഹം ചുമതലയേൽക്കാൻ വന്നപ്പോൾ കുടുംബശ്രീ ഓഫീസിൽ ഉത്തരവാദപ്പെട്ട ആരുമുണ്ടായിരുന്നില്ല. സി.ഡി.എസിൽ മുൻപ്‌ നടന്ന അഴിമതി പുറത്താവുന്നതിലെ ജാള്യം മറച്ചുവയ്ക്കാൻ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. പുതിയ മെമ്പർ സെക്രട്ടറിയെ ചുമതലയേൽക്കാൻ അനുവദിക്കാതിരിക്കാനാണ് ശ്രമിക്കുന്നെങ്കിൽ അത് നടപ്പാവില്ല. നിയമവിധേയമായ മാർഗത്തിലൂടെ അദ്ദേഹം ചുമതലയേൽക്കും.

പി.കെ.രാഗേഷ് (ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപ്പറേഷൻ)

മെമ്പർസെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു

ഭരണസമിതി നിർദേശപ്രകാരം തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറി മുൻപാകെ മെമ്പർസെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഓഫീസ് പൂട്ടാൻനേരത്ത് താക്കോൽ ഉണ്ടായിരുന്നില്ല. ഒരു താക്കോൽ മുൻ മെമ്പർസെക്രട്ടറിയുടെയും ഒന്ന് സി.ഡി.എസ്. ചെയർപേഴ്‌സണിന്റെയും കൈയിലായിരുന്നു. വിലപ്പെട്ട രേഖകൾക്ക് സുരക്ഷയൊരുക്കുക എന്ന് കരുതിയാണ് തിങ്കളാഴ്ച വൈകുന്നേരം ഓഫീസ് പൂട്ടിപ്പോയത്. ഓഫീസിന്റെ പ്രവർത്തനത്തെ തടസ്സം വരാത്ത രീതിയിൽ ചൊവ്വാഴ്ച രാവിലെ 8.30-നുതന്നെ ഓഫീസ് തുറന്നുകൊടുത്തിരുന്നു. മുൻ മെമ്പർസെക്രട്ടറി സ്ഥലത്തില്ലാത്തതിനാലാണ് ചുമതല ഏറ്റുവാങ്ങാൻ സാധിക്കാതിരുന്നത്.

(കെ.ഉദയകുമാർ)