പുതിയ തെരു: കാണാൻവരുന്നവരെ മരുന്നിന്റെ കുറിപ്പടികൾ കാട്ടി നിസ്സഹയതയോടെ കൈ നീട്ടുകയാണ് ഈ സഹോദരങ്ങൾ. കനത്ത മഴയിൽ ഊർന്നിറങ്ങുന്ന നനവുതട്ടി ഉറങ്ങാതിരിക്കുമ്പോഴും അവൾക്ക് ചിരിക്കാനേ അറിയൂ. മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ ചേർത്തുപിടിച്ച് ശശിധരൻ അവളെ ഓർമിപ്പിക്കും. അനിയത്തീ... കൂട്ടായി ഞാനുണ്ട്. പുതിയതെരു മുച്ചിലോട്ട് ഭഗവതിക്ഷേത്രം റോഡിൽ സുജാത വാടകലൈൻ മുറിയിലാണ് ഈ സഹോദരങ്ങൾ-മാത്രംകോട്ട് സതിയും ശശിധരനും താമസം.

ഇവരുടെ രണ്ട്‌ സഹോദരിമാർ നേരത്തേ മരിച്ചു. ഒരു സഹോദരന് അസുഖം മൂലം ജോലിചെയ്യാനാവില്ല. രണ്ട് സഹോദരിമാർ വിവാഹം കഴിഞ്ഞുപോയതോടെ അവിവാഹിതയായ മുപ്പത്തഞ്ചുകാരി സതിയുടെ സംരക്ഷണം ശശിയുടെ ചുമലിലായി. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സഹോദരിയുടെ അവസ്ഥ കാരണം ശശിയെ ഭാര്യയും ചെറുപ്പത്തിലേ ഉപേക്ഷിച്ചു. തുച്ഛമായ പെൻഷൻ രണ്ട്പേർക്കുമുണ്ട്. ഇത് ജീവിതച്ചെലവിന് പുറമെ മരുന്നുവാങ്ങാൻ തികയില്ല. ആറ് മാസമായി വാടക കൊടുത്തിട്ടില്ല. വൈദ്യുതി ചാർജടക്കം മാസം 2000 രൂപ ഇതിനുവേണം. ഭക്ഷണം വാങ്ങാൻ കൈയിൽ പണമില്ലാതെ പലപ്പോഴും പട്ടിണിയാവും. പുറമെനിന്ന് വാങ്ങുന്ന പൊതിച്ചോറിൽ പാതി രാത്രി കഴിക്കാനായി മാറ്റിവെച്ച് ഇരുവരും കഴിക്കും. ഇതുകൊണ്ട് വിശപ്പടക്കാൻ കഴിയില്ല.

ശശിധരൻ നേരത്തേ പുതിയതെരുവിലെ ഹോട്ടലിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. 58 വയസ്സായതോടെ ജോലിചെയ്യാൻ വയ്യാതായി. പ്രമേഹവും രക്തസമ്മർദവുമുണ്ട്. ചികിത്സയ്ക്കും ജീവിതച്ചെലവിനും സഹായിക്കാൻ കനിവുള്ളവർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണിവർ. ഫോൺ: 9349844888. ബാങ്ക് ഓഫ് ബറോഡ പുതിയതെരു ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 53660100000990. ഐ.എഫ്.എസ്.സി.: 670012003.