കണ്ണൂർ: പുതിയ മേയറെ തിരഞ്ഞെടുക്കാനുള്ള യോഗം ബുധനാഴ്ച 11 മണിക്ക് കണ്ണൂർ കോർപ്പറേഷൻ ഹാളിൽ നടക്കും. സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷം വരണാധികാരികൂടിയായ കളക്ടറുടെ അധ്യക്ഷതയിലായിരിക്കും രഹസ്യവോട്ടെടുപ്പ്. ഉടൻതന്നെ ഫലം പ്രഖ്യാപിക്കും. തുടർന്ന് മേയറുടെ സത്യപ്രതിജ്ഞയും നടക്കും.

കെ.പി.സി.സി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനാണ് യു.ഡി.എഫ്. സ്ഥാനാർഥി. മുൻ മേയർ ഇ.പി.ലത തന്നെയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി.

ഓഗസ്റ്റ് 17-ന് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് മേയർ ഇ.പി.ലത പുറത്തായത്. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് യു.ഡി.എഫ്. പക്ഷത്തേക്ക് മാറി വോട്ട് ചെയ്ത സാഹചര്യത്തിൽ 26-നെതിരേ 28 വോട്ടിനാണ് അവിശ്വാസം വിജയിച്ചത്. തുടർന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാേഗഷിനെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 യു.ഡി.എഫ്. കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 26 വോട്ട്. മുഴുവൻ യു.ഡി.എഫ്. കൗൺസിലർമാരും തലേന്ന് കണ്ണൂരിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ എട്ടുമണിക്കു മുൻപുതന്നെ എല്ലാവരും കൗൺസിൽ ഹാളിൽ ഹാജരാവും.