ഉളിക്കൽ: തേർമലയിൽ കൃഷിയിടം പിളർന്നുമാറിയപ്പോൾ പുതിയേടത്ത് ബിനോയിയുടെ മനസ്സാണ് കൂടുതൽ പിളർന്നത്. ഭൂമി വിണ്ടുകീറിയതിന് തോട്ടടുത്താണ് ബിനോയിയുടെ വീടുള്ളത്. അർബുദ രോഗിയായ അമ്മയെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഈ ചെറുപ്പക്കാരൻ.

അച്ഛൻ മരിച്ചതിനുശേഷം കഴിഞ്ഞ നാലുകൊല്ലമായി അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ബിനോയി ഒറ്റയ്ക്കാണ്. അമ്മയുടെ ചികിത്സയ്ക്ക് വലിയ ചെലവുകളാണുണ്ടായത്. സ്വന്തം വീട്ടിൽനിന്ന് എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോൾ ബിനോയിക്ക് ആശ്വാസമേകുന്നത് നാട്ടുകാരാണ്. ഇവരുടെ നിർബന്ധത്തിനുവഴങ്ങി അമ്മയെയും കൂട്ടി ബിനോയി അടുത്തൊരു വീട്ടിലേക്ക് താത്കാലികമായി താമസം മാറിയിരിക്കുകയാണ്.

തന്റെ കൃഷിയിടം പൂർണമായും വിണ്ടുകീറിയതിന്റെ ആധിയിലാണ് ബിനോയിയുള്ളത്. ഏക വരുമാനമാർഗമായ ഒട്ടേറെ റബ്ബർ മരങ്ങൾ കടപുഴകി വീണു. വീടിനുപുറകുഭാഗത്ത് രൂപപ്പെട്ട കനത്ത ഉറവ ആശങ്ക ഉയർത്തുന്നു. കൃഷിയിടത്തിന് തൊട്ടടുത്തുള്ള റോഡുൾപ്പെടെ വിണ്ടുകീറി. ഒരു നിയന്ത്രണവുമില്ലാതെ മലയുടെ മുകൾഭാഗത്ത് പ്രവർത്തിക്കുന്ന ചെങ്കൽപ്പണകളാണ് ദുരിതങ്ങൾക്കിടയാക്കിയതെന്ന് ബിനോയി പറഞ്ഞു. മലയുടെ അടിവാരത്ത് താമസിക്കുന്നവർക്കെങ്കിലും മനസ്സമാധാനത്തോടെ കഴിയാനാവണേ എന്നാണ് ബിനോയിയുടെ പ്രാർഥന.