കണ്ണൂർ: അടുത്തദിവസങ്ങളിലും ജില്ലയിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അപകടമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പ്രധാനമെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. ജില്ലയിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രളയമാണ്. ക്യാമ്പുകൾ നല്ലനിലയിൽ സജ്ജമാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. ഇപ്പോൾ പ്രധാനം രക്ഷാപ്രവർത്തനമാണ്. അതിന് കൂട്ടായി പരിശ്രമിക്കണം. അപകടഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണം. ക്യാമ്പുകൾക്കാവശ്യമായ എല്ലാകാര്യങ്ങളും ഉറപ്പുവരുത്തണം. ഇതിനാവശ്യമായ പണം ഇപ്പോൾത്തന്നെ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കാൻ നടപടിയെടുത്തതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആവശ്യമായ മരുന്നുകൾ എത്തിക്കാനും നടപടി സ്വീകരിച്ചു. പണം ഇതിന് തടസ്സമാകില്ല.

പ്രധാന റോഡുകളിലെ ഗതാഗതതടസ്സം നീക്കാൻ അടിയന്തരനടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ കളക്ടർ ടി.വി.സുഭാഷ് റിപ്പോർട്ടുചെയ്തു. മേയർ ഇ.പി.ലത, കെ.സുധാകരൻ എം.പി., എം.എൽ.എ.മാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, കെ.എം.ഷാജി, ടി.വി.രാജേഷ്, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി.സുമേഷ് തുടങ്ങിയവരും പങ്കെടുത്തു.