കണ്ണൂർ: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ഓരോ ക്യാമ്പിലേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം എത്തിക്കാനുള്ള ചുമതല ജില്ലാ സപ്ലൈ ഓഫീസിനാണ്. തഹസിൽദാർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഇത് ലഭ്യമാക്കും.

അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത റവന്യൂവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ഒരുക്കണം. ക്യാമ്പുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ ക്യാമ്പിലും റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകും. എല്ലാ ക്യാമ്പുകളിലും ആവശ്യമായ ആരോഗ്യ, ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ക്യാമ്പുകളിൽ കഴിയുന്ന ചെറിയ കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധയും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് കളക്ടർ നിർദേശിച്ചു. കിടപ്പുരോഗികളുണ്ടെങ്കിൽ അവരെ ക്യാമ്പിൽ നിർത്താതെ എത്രയും വേഗം സമീപ ആസ്പത്രികളിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ വെള്ളംകയറിയ മേഖലകളിലെ കുടുംബങ്ങളെ പൂർണമായി ക്യാമ്പുകളിലേക്കും സുരക്ഷിതസ്ഥാനങ്ങളിലേക്കും ഇതിനകം മാറ്റി. പോലീസ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണൂർ ടെറിട്ടോറിയൽ ആർമിയിലെ 17 പേരടങ്ങിയ സംഘം ഇരിട്ടി മേഖലയിലെ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ശ്രീകണ്ഠപുരം, കുറ്റ്യാട്ടൂർ, ഇരിട്ടി, കുറുമാത്തൂർ, മുല്ലക്കൊടി, പൊന്ന്യം, പെരിങ്ങത്തൂർ പ്രദേശങ്ങളിൽ ബോട്ടുകൾ എത്തിച്ചാണ് ജനങ്ങളെ മാറ്റിയത്. ഇതിനായി അഴീക്കലിൽനിന്ന് നാലും ആയിക്കരയിൽനിന്ന് എട്ടും മുഴപ്പിലങ്ങാട്ടുനിന്ന് അഞ്ചും മത്സ്യബന്ധന ബോട്ടുകളാണ് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കിയത്.

വെള്ളപ്പൊക്കഭീഷണി തുടർന്നും നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനാവശ്യമായ നടപടികൾ നിർവഹിക്കുന്നതിനുള്ള നിർദേശവും യോഗം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എ.ഡി.എം. ഇ.പി.മേഴ്‌സി, അസി. കളക്ടർ ഡോ. ഹാരിസ് റഷീദ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ എൻ.കെ.എബ്രഹാം, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.