തലശ്ശേരി: അപകടത്തിൽപ്പെട്ടയാളെ ആസ്പത്രിയിലെത്തിച്ച സ്വകാര്യവാഹനത്തിലെ രക്തക്കറ കഴുകാൻ സർവീസ്‌ സ്റ്റേഷൻ അധികൃതർ വിസമ്മതിച്ചെന്ന്‌ ആക്ഷേപം. പോലീസ്‌ നേരിട്ട്‌ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നാണ്‌ പരാതി.

ചമ്പാട് മനേക്കരയിൽ അപകടത്തിൽ പരിക്കേറ്റ പ്രഭാഷകൻ ഡോ. സഖരിയ്യ സ്വലാഹിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ച വാഹന ഉടമയ്ക്കാണ് ഈ അനുഭവം. ഉടമയുടെ പരാതിപ്രകാരം തലശ്ശേരി എസ്.ഐ. സ്ഥാപനത്തിലെത്തി വാഹനം കഴുകാൻ നിർദേശം നൽകിയിട്ടും മുഴുവനായി വൃത്തിയാക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പരിക്കേറ്റ സഖരിയ്യ സ്വലാഹി മരിച്ചു. വാഹന ഉടമ കതിരൂർ ചെറിയാണ്ടി വീട്ടിൽ റുസ്‌ഫീദ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പാണ്‌ വൈറലാവുന്നത്‌.

തലശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരേയാണ് പരാതി. അപകടത്തിൽപ്പെട്ടയാളെ മറ്റൊന്നും നോക്കാതെ സ്വന്തം കാറിൽ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ എത്തിച്ചു. തലക്കേറ്റ പരിക്കിൽനിന്നുള്ള രക്തം കാറിന്റെ പിൻസീറ്റിൽ ആകെയുണ്ടായിരുന്നു. രക്തം കട്ടപിടിക്കുന്നതിനുമുൻപ്‌ കഴുകി വൃത്തിയാക്കാനാണ്‌ സർവീസ്‌ സ്റ്റേഷനിൽ പോയത്‌. അവർ വിസമ്മതിച്ചപ്പോൾ പോലീസിനെ വിളിച്ചു. പോലീസ്‌ ഫോണിൽ പറഞ്ഞിട്ടും തയ്യാറാകാത്തതിനാൽ എസ്‌.ഐ. വിനു മോഹൻ നേരിട്ടുവന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ഭാഗികമായാണ്‌ കാർ കഴുകിക്കൊടുത്തതെന്നും ഫെയ്സ്‌ബുക്ക്‌ പോസ്റ്റിൽ റുസ്‌ഫീദ്‌ പറയുന്നു.