തളിപ്പറമ്പ്: വാദ്യ കലാകാരൻ മഡിയൻ രാധാകൃഷ്ണ മാരാരെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും വാദ്യരത്നം പദവിയും നൽകി ആദരിച്ചു. തായമ്പകയിൽ നവക്കൂർ ചിട്ടപ്പെടുത്തിയും ഉദയാസ്തമയ തായമ്പക യജ്ഞം അവതരിപ്പിച്ചും രാധാകൃഷ്ണ മാരാർ പ്രശസ്തി നേടിയിട്ടുണ്ട്. രാജരാജേശ്വര ക്ഷേത്രം മേൽശാന്തി പട്രോട്ടത്തില്ലത്ത് ഹരിദാസൻ നമ്പൂതിരി പട്ടും വളയും സമ്മാനിച്ചു. തുടർന്ന് വാദ്യരത്നം രാധാകൃഷ്ണ മാരാർ എന്ന പേര് വിളിച്ചുചൊല്ലി. കഴകക്കാരും ചടങ്ങിൽ സംബന്ധിച്ചവരും വിശേഷണപ്പേര് ഏറ്റുചൊല്ലി.
തുടർന്നുനടന്ന അനുമോദന സദസ്സ് കേരള കലാമണ്ഡലം വിസിറ്റിങ് പ്രൊഫസർ കരിയന്നൂർ നാരായണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അധ്യക്ഷതവഹിച്ചു. ശ്രീശങ്കരം സ്വാമി ബോധചൈതന്യ, ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കൊടകര രമേശ്, പെരുതടി മുരളീധര മാരാർ, ഡോ. കെ.പി.സുധാകരൻ നായർ, ചിറക്കൽ ശ്രീധര മാരാർ, രഞ്ജു മഡിയൻ എന്നിവർ സംസാരിച്ചു.