കണ്ണൂർ: പെട്രോൾ പമ്പിൽ ഇന്ധനം അടിക്കുമ്പോൾ അളവിൽ കറവുണ്ടാകുന്നുവെന്ന പരാതിയിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. കളക്ടറേറ്റിനുമുന്നിലെ പമ്പിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അളവിൽ കുറവ് കണ്ടെത്തി. ഇന്ധനം അടിക്കുന്ന നോസിലിന്റെ തകരാറാണ് ഇതിന് കാരണമെന്ന സംശയത്തെത്തുടർന്ന് രണ്ടുദിവസത്തിനകം നോസിൽ അറ്റകുറ്റപ്പണി നടത്താനും വീണ്ടും പരിശോധന നടത്താനും ലീഗൽ മെട്രോളജി അസി. കൺട്രോളർ കെ.ഷീലൻ നിർദേശിച്ചു.

സാധാരണ അഞ്ചുലിറ്റർ ഇന്ധനം അടിക്കുമ്പോൾ അഞ്ചുമില്ലി അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ സാധ്യതയുണ്ട്. അതിൽ കൂടുതൽ വന്നാൽ അളവിൽ കുറവുള്ളതായി കണക്കാക്കും. പരിശോധന നടത്തിയ പമ്പിൽ കൂടുതൽ കുറവ് കണ്ടെത്തിയിട്ടുണ്ട്.

അളവിൽ കുറവുണ്ടെന്ന സലിം എന്നയാളുടെ പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. പരാതിക്കാരൻ 300 രൂപയ്ക്ക് പെട്രോളടിച്ചപ്പോൾ വലിയ കുറവ് അനുഭവപ്പെട്ടതായി പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന്‌ വാഹനത്തിൽനിന്ന് പെട്രോൾ തിരിച്ചെടുത്ത്‌ കുപ്പിയിലാക്കി സമൂഹികമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയായിരുന്നു.