പയ്യന്നൂർ: ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ എൻ.ഡി.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ജില്ലയിലേക്ക് ആവേശ്വോജ്ജ്വല വരവേൽപ്പ്‌ നൽകി. ജില്ലാ അതിർത്തിയായ കാലിക്കടവിൽ എൻ.ഡി.എ. പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രഥയാത്രയെ സ്വീകരിച്ച് പയ്യന്നൂരിലേക്കാനയിച്ചു. പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് കാൽനടയായാണ് ജാഥ പഴയ സ്റ്റാൻഡിലെത്തിയത്.

നവോത്ഥാന നായകനാവാനുള്ള യോഗ്യത പിണറായി വിജയനില്ലെന്ന് സ്വീകരണസമ്മേളനത്തിൽ എൻ.ഡി.എ. ചെയർമാൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. മതത്തെ അടിച്ചമർത്താൻ ശ്രമിച്ചവരുടെ ഇന്നത്തെ അവസ്ഥ പിണറായി ഓർക്കണം. എ.കെ.ജി.ക്ക് സാധിക്കാത്ത കാര്യം പിണറായി വിജയനും സാധിക്കില്ല. എതിരാളികളെ ഇല്ലാതാക്കുന്ന സ്റ്റാലിനിസമാണ് സി.പി.എം. പിന്തുടരുന്നത്.

ശബരിമലയിലേത് ഹിന്ദുവിന്റെ മാത്രം പ്രശ്നമല്ലെന്ന് എൻ.ഡി.എ. കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇന്നിത് ഹിന്ദുവിനു നേരെയാണെങ്കിൽ നാളെ മറ്റുള്ളവർക്കുനേരെയും നടക്കും. എന്തൊക്കെ സംഭവിച്ചാലും യാത്ര പത്തനംതിട്ടയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനച്ചടങ്ങിൽ പയ്യന്നൂരിലെ ഗുരുസ്വാമിമാരെ ജാഥാ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ ആദരിച്ചു. പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്. എ.എൻ.രാധാകൃഷ്ണൻ, ബി.ഗോപാലകൃഷ്ണൻ, പ്രമീള നായ്ക്, രേണു സുരേഷ്, പി.സത്യപ്രകാശ്, ബി.രഞ്ജിത്ത്, പൈലി വാത്യാട്ട്, എ.പി.ഗംഗാധരൻ, പി.പി.മോഹനൻ, സി.കെ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംദിവസമായ വെള്ളിയാഴ്ച രാവിലെ ജാഥ പയ്യന്നൂരിൽനിന്ന്‌ ആരംഭിക്കും. രാവിലെ 11-ന് തലശ്ശേരിയിൽ ജാഥയ്ക്ക് സ്വീകരണം നൽകും.