കണ്ണൂർ: കണ്ണൂർ, തലശ്ശേരി നഗരസഭകൾക്കുമുന്നിലെ രണ്ട് ഗാന്ധിപ്രതിമകൾക്ക് ചരിത്രംപറയാനുണ്ട്. വളരെ അപൂർവമായ ആ പ്രതിമകൾ നിർമിച്ചത് ഇറ്റലിയിലാണ്. അവ ഇവിടെ കൊണ്ടുവന്നത് തലശ്ശേരിയിലെ എം.പി. നെട്ടൂർ പി.ദാമോദരൻ. അത് മെനഞ്ഞത് പ്രശസ്ത ശില്പി റോയ് ചൗധരി.

1948-ൽ ഗാന്ധിജി വെടിയേറ്റുമരിച്ചശേഷം അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് തോന്നിയതാണ് മഹാത്മാഗാന്ധിയുടെ പ്രതിമകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്നത്.

പ്രതിമ വെങ്കലത്തിൽ നിർമിക്കാനേൽപ്പിച്ചത് പ്രമുഖ ശില്പിയായ റോയ്‌ ചൗധരിയെയും. അന്ന് ലോഹത്തിൽ കാസ്റ്റുചെയ്യാനുള്ള നല്ല സൗകര്യം ഇന്ത്യയിൽ കുറവായരുന്നു. അതിനാൽ ഇറ്റലിയിലെ ബർക്‌ലിയിൽ മോൾഡുചെയ്യേണ്ട രൂപം അയച്ചശേഷം അവിടെനിന്ന് നിർമിക്കുകയായിരുന്നു ഗാന്ധിപ്രതിമകൾ. ഇത്തരത്തിൽ 64 പ്രതിമകൾ നിർമിച്ചതായാണ് അറിയുന്നത്.

ഇതിൽ രണ്ട് പ്രതിമകൾ നെട്ടൂർ പി.ദാമോദരൻ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. അതിൽ ഒന്ന് തലശ്ശേരിയിലും ഒന്ന് കണ്ണൂരിലും. നെട്ടൂർ പി.ദാമോദരൻ തലശ്ശേരിക്കാരനായിരുന്നെങ്കിലും കണ്ണൂർ ആയിരിക്കണം കണ്ണൂർ ജില്ലയുടെ തലസ്ഥാനം എന്ന്‌ കരുതിയ ആളാണ്.

അന്ന്‌ തലശ്ശേരിയായിരുന്നു പ്രധാന കേന്ദ്രം. പക്ഷെ, ഭൂവിസ്തൃതികൊണ്ടും മറ്റും വികസനത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂർ എന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞു. കണ്ണൂരിൽത്തന്നെയായിരിക്കണം ഗാന്ധിജിയുടെ പ്രതിമ എന്ന് അദ്ദേഹം കരുതി. കണ്ണൂർ നഗരസഭയുടെ മുന്നിലാണ് പ്രതിമ സ്ഥാപിച്ചത്.

രാജ്യത്ത് പലഭാഗത്തും റോയ്‌ ചൗധരിയുടെ ഗാന്ധിപ്രതിമകളുണ്ട്. ഗാന്ധിജിയുടെ പൂർണവും അർധകായവുമായ പ്രതിമകൾ. ഗാന്ധിജിയുടെ അനാട്ടമി വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയാണ് റോയ് ചൗധരിയെന്ന് ചിത്രകാരനായ എബി.എൻ.ജോസഫ് പറഞ്ഞു.

ഗാന്ധിജിക്ക് ശരിക്കും അദ്ദേഹത്തിന്റെ പിതാവിന്റെ ശരീരഘടനായിരുന്നു. ദൈർഘ്യമുള്ള കൈകൾ. കാലിനും നീളംകൂടുതൽ. കാൽമുട്ടുകളുടെ ചിരട്ട എടുത്തുവെച്ചതുപോലെയാണ്. കാൽ നന്നേ മെലിഞ്ഞിട്ടാണ്. നടക്കുന്നത് വേഗത്തിലായിരുന്നു. ഇതൊക്കെ മനസ്സിൽ കണ്ടുവേണം ഗാന്ധിപ്രതിമ നിർമിക്കേണ്ടത്. എബി.എൻ.ജോസഫ് പറഞ്ഞു.

നെഹ്രുന്റെതുൾപ്പെടെ പല പ്രതിമകളും രൂപത്തിലും ഭാവത്തിലും വലിയതോതിൽ വ്യത്യസ്തമാണ്. ഗാന്ധിപ്രതിമകൾക്കും അത് സംഭവിച്ചിട്ടുണ്ട്. വളരെ ദയനീയമാണ് അത് കാണുമ്പോൾ. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുന്നസമയം ചില നക്സലൈറ്റുകൾ ഗാന്ധിജിയുടെ ഒരു പ്രതിമ തകർത്തിരുന്നു.

പിന്നീട് ഒരിക്കൽ അച്യുതമേനോൻ പറഞ്ഞു, ആ പ്രതിമ തകർത്തത് ഏതായാലും നന്നായി. അദ്ദേഹം അങ്ങനെ പറഞ്ഞത് ഗാന്ധിജിയോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് വളരെ വികൃതമായി നിർമിച്ചതായിരുന്നു ആ ഗാന്ധിപ്രതിമ.