മട്ടന്നൂർ: വിമാനത്താവളപ്രദേശത്തുനിന്ന്‌ ചെളിയും കല്ലും മണ്ണും ഒഴുകിയെത്തുന്നത് പതിവായതോടെ, കാനാടുള്ള ആറുവീട്ടുകാർ വീടും ഭൂമിയും ഉപേക്ഷിച്ചു.

കാലവർഷം തുടങ്ങിയതോടെ കൃഷിയിടവും വീടും കിണറുകളും മൂടിയതോടെയാണ് കുടുംബങ്ങളുടെ പ്രയാണം.

കുന്നത്താൻകണ്ടിയിലെ റിട്ട. ആർമി ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നമ്പ്യാർ, പള്ളിപ്രവൻ സരസ്വതിയമ്മ, തമ്പായിയമ്മ, രോഹിണിയമ്മ, വി.കെ.ഷൈജു, അബ്ദുൾസലാം എന്നിവരാണ് വീടും കൃഷിയിടവും ഉപേക്ഷിച്ചത്. വീടുൾപ്പെടുന്ന ഏട്ടേക്കർ സ്ഥലമാണ് ഗത്യന്തരമില്ലാതെ ഇവർ ഉപേക്ഷിച്ചത്.

തുടർച്ചയായി രണ്ടാം വർഷമാണ് ചെളിയും കല്ലും മണ്ണും ഒഴുകിയെത്തി

ഭീഷണിയാവുന്നത്. ഒഴുകിയെത്തിയ മണ്ണും ചെളിയും നീക്കംചെയ്തുതരുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപ്പായില്ല.

മേയ് അവസാനം പെയ്ത മഴയിൽ ഇക്കുറി തുടക്കത്തിൽത്തന്നെ ചെളിയും കല്ലും ഒഴുകി വീടുകളിലെത്തുകയും കിണറുകൾ അപ്പാടെ മൂടുകയും ചെയ്തു. വീട് വാടകയ്ക്കെടുത്താണ് ഇവർ മാറിയത്.

കഴിഞ്ഞദിവസം കളക്‌‌ടറുടെ നേതൃത്വത്തിൽ ചേർന്ന ഡി.എൽ.പി.സി. യോഗത്തിൽ വീടും സ്ഥലവും ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. സ്ഥലം അളന്നുതിട്ടപ്പെടുത്തി

രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.