കരിവെള്ളൂർ: കുണിയനിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ബുധനാഴ്ച പുലർച്ചെയാണ് പുലിയെ കണ്ടതായി കുണിയൻ കിഴക്കെക്കരയിലെ വി.കെ.ആരിഫ് പറഞ്ഞത്. പയ്യന്നൂരിൽനിന്ന് ഫുട്ബോൾ ടൂർണമെൻറ്്‌ കഴിഞ്ഞ് പുലർച്ചെ 3.30 ന് വീട്ടിലെത്തിയതായിരുന്നു ആരിഫ്. കുളികഴിഞ്ഞ് കിടക്കാൻ നോക്കുമ്പോൾ നായ്കളുടെ കുര കേട്ടു. ലൈറ്റിട്ട് നോക്കിയപ്പോൾ തൊട്ടടുത്ത റോഡിൽ പുലിനിൽക്കുന്നത് കണ്ടതായി ആരിഫ് പറഞ്ഞു. ഉടൻ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചറിയിച്ചു. പുലി ഓടിരക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത പറമ്പുകളിലെല്ലാം കൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടായിരുന്നു. പുലിയിറങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയിലായി. പാൽ, പത്ര വിതരണക്കാരും പ്രഭാതസവാരിക്കാരും പുലർച്ചെ പുറത്തിറങ്ങിയില്ല. പയ്യന്നൂർ തഹസിൽദാർ കെ.ബാലഗോപാലൻ, കരിവെള്ളൂർ വില്ലേജ് ഓഫീസർ പി.ഐ.രാജേഷ്, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പിലിക്കോട്ട്‌ പുലിയിറങ്ങിയതായി അഭ്യൂഹംപരന്നിരുന്നു. എന്നാൽ ഇത് കാട്ടുപൂച്ചയാണെന് പിന്നീട് സ്ഥിരീകരിച്ചു. ഇതേ കാട്ടുപൂച്ച തന്നെയാകാം നാല് കിലോമീറ്റർ അകലെയുള്ള കുണിയനിലും എത്തിയതെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. അധികൃതർ ബോധവത്കരണം നടത്തിയെങ്കിലും നാട്ടുകാരുടെ ഭീതി മാറിയിട്ടില്ല.