ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ രണ്ടാമത്തെ സ്പാനിന്റെ കോൺക്രീറ്റ് പണി പൂർത്തിയായി. പാലത്തിന്റെ 48 മീറ്റർ ഉപരിതല കോൺക്രീറ്റ് പണിയാണ് പൂർത്തിയായത്. ആദ്യ സ്പാനിന്റെ ഉപരിതല വാർപ്പ് ഡിസംബറിൽ പൂർത്തിയായിരുന്നു. ഇതോടെ 144 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 96 മീറ്റർ പ്രവ്യത്തി പൂർത്തിയായി. 12 മീറ്റർ വീതിയുള്ള പാലത്തിന് ഇരുവശത്തും നടപ്പാതയുണ്ടാകും. രണ്ടാമത്തെ സ്പാനിന്റെ ഉപരിതല വാർപ്പിനായി 360 എം ക്യൂബ് കോൺക്രീറ്റും 80 ടൺ കമ്പിയുമാണ് വേണ്ടിവന്നത്. ആദ്യം അടിവശത്തെയും ഇരുവശങ്ങളിലെയും കോൺക്രീറ്റ് കഴിഞ്ഞശേഷമാണ് ഉപരിതലം വാർത്തത്. പാലത്തിന്റെ ഇരിട്ടി ടൗൺ ഭാഗത്തെ സ്പാനിന്റെ 48 മീറ്റർ കോൺക്രീറ്റ് പൂർത്തിയായി മാസങ്ങളെടുത്താണ് പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്തെ സ്പാനിന്റെ കോൺക്രീറ്റ് ആരംഭിച്ചത്. അവസാനമായി ഇരു സ്പാനുകൾക്കും ഇടയിൽ വരുന്ന മൂന്നാം സ്പാനിന്റെ 48 മീറ്റർ കോൺക്രീറ്റാണ് അവശേഷിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഇതും പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്പാനുകളും പൂർത്തീകരിച്ചത് പുഴയിൽ മണ്ണിട്ടുയർത്തിയായിരുന്നു.

തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഏഴ് പുതിയ പാലങ്ങളിൽ ഏറ്റവും വലുതാണ് ഇരിട്ടി പാലം. ബ്രിട്ടിഷുകാർ നിർമിച്ച പഴയ പാലത്തിന് സമീപംതന്നെയാണ് പുതിയ പാലം വരുന്നത്. പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീനതയിൽവരുന്ന ഭാഗത്തെ ജങ്ഷൻ വീതികൂട്ടുന്ന പ്രവ്യത്തിയും പൂർത്തിയായിവരികയാണ്. പുതിയ പാലം വന്നതോടെ റോഡിന്റെ അലൈൻമെന്റിലും ഉണ്ടായ മാറ്റം പരിഹരിച്ച് ടാറിംങ്ങ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി.

പാലം ജംങ്ഷൻ വീതികൂട്ടുന്നതിന് കൂടുതലായി എടുത്ത ഒന്നര ഏക്കറോളം ഭൂമി നിരപ്പാക്കിയാണ് അപകടസാധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത്. പാലവും റോഡും പൂർത്തിയാകുന്നതോടെ ഇരിട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കെ.എസ്.ടി.പി എൻജിനീയർ സതീശൻ, കരാർ കമ്പിനി റസിഡന്റ് എൻജിനീയർ പി.എൻ.ശശികുമാർ എന്നിവർ പണി വിലയിരുത്തി