ഇരിട്ടി: ഇരിട്ടി പുതിയപാലത്തിന്റെ രണ്ടാം സ്പാനിന്റെ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. പായം പഞ്ചായത്തിന്റെ അധീനതയിൽവരുന്ന തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് ഉപരിതല കോൺക്രീറ്റിനുള്ള സ്ട്രക്ചർ കോൺക്രീറ്റാണ് വെള്ളിയാഴ്ച നടത്തിയത്. ഒരുമാസത്തിനുള്ളിൽത്തന്നെ ഉപരിതല വാർപ്പും പൂർത്തിയാക്കും. മൂന്ന് സ്പാനുകളിലായി 144 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 48 മീറ്റർ ഉപരിതലവാർപ്പ് രണ്ടുമാസം മുമ്പ് പൂർത്തിയാക്കിയിരുന്നു. ഇരിട്ടി ടൗണിനോട് ചേർന്ന ഭാഗത്തെ പ്രവൃത്തിയാണ് നേരത്തെ പൂർത്തിയാക്കിയത്. പായം ഭാഗത്തെ സ്പാനുകളുടെ പ്രവൃത്തികൂടി പൂർത്തിയാകുന്നതോടെ പാലത്തിന്റെ പ്രധാനഘട്ടം പൂർത്തിയായെന്ന് പറയാം.

മൂന്നുവർഷം മുൻപാണ് കെ.എസ്.ടി.പി. റോഡ് വികസനപദ്ധതി പ്രകാരം ഇരിട്ടിയിൽ പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പുഴയിലെ വെള്ളപൊക്കവും മറ്റും കാരണം പൈലിങ്ങ് ഒഴുകിപ്പോകുന്ന ഘട്ടംവരെ ഉണ്ടായി. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇപ്പോഴത്തെനിലയിൽ എത്തിനില്ക്കുന്നത്. മേയ്സത്തോടെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കുന്ന നിലയിൽ എത്തിക്കുമെന്ന് കരാർ കമ്പിനി അധികൃതർ പറഞ്ഞു. പാലം ജങ്ഷൻ വീതികൂട്ടുന്ന പ്രവ്യത്തിയും അന്തിമഘട്ടത്തിലാണ്. ഒന്നര ഏക്കറോളം സ്ഥലം അധികമായി ഏറ്റെടുത്താണ് ജംങ്‌ഷനിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് വീതികൂട്ടുന്നത്. കുന്നിടിച്ച് നിരപ്പാക്കുന്ന പ്രവ്യത്തി പൂർത്തിയായി. ഇവിടെ ടാറിങ് പ്രവൃത്തി ഉടൻ ആരംഭിക്കും.

content highlights; Iritti bridge work on progress