ഇരിട്ടി : കൊറോണ വൈറസ് അതിവ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ജനം ഇരിട്ടിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ തള്ളിക്കയറിയതോടെ പോലീസ് മുന്നറിയിപ്പുമായി ഇടപ്പെട്ടു.

ഇരിട്ടി നേരംപോക്ക് റോഡിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇതേ അവസ്ഥയായതോടെയാണ് പോലീസിനും ആരോഗ്യവകുപ്പിനും ഇടപെടേണ്ടി വന്നത്. രാവിലെ 10 മണിക്ക് തുറക്കുന്ന സ്ഥാപനത്തിൽ എത്തുന്ന ജനങ്ങൾക്ക് ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ശ്രമം വിഫലമാകുകയായിരുന്നു.

രണ്ടുദിവസമായി പോലീസ് എത്തി അധികൃതർക്ക് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും വ്യാഴാഴ്ചയും നിർദേശങ്ങൾ ലംഘിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. തുടർന്ന് ഇരിട്ടി സ്റ്റേഷൻ ഓഫീസർ എ. കുട്ടികൃഷ്ണൻ, എസ്.ഐ. ദിനേശൻ കൊതേരി, തഹസിൽദാർ കെ.കെ. ദിവാകരൻ, ഡെപ്യൂട്ടി തഹസിൽദാർ ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം സപ്ലൈകോ സൂപ്പർ മാർക്കറ്റ് അടച്ചിടാൻ നിർദേശിച്ചു. പുറത്ത് ഈ സമയത്ത് ടോക്കൺ കൊടുത്ത് സ്ത്രീകളും പുരുഷന്മാരുമടക്കം അൻപതോളം പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കർശന വ്യവസ്ഥകളോടെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ പോലീസും റവന്യൂ അധികൃതരും ജീവനക്കാർക്ക് അനുവാദം നല്കി. റോഡിനോട് ചേർന്നുകിടക്കുന്ന സ്ഥാപനം എന്ന നിലയിൽ അഞ്ചുപേർ മാത്രമേ ഒരു സമയത്ത് ക്യൂവിൽ ഉണ്ടാകാൻ പാടുള്ളൂ. ഒരുസമയം അകത്ത്‌ മൂന്നുപേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും സാനിെറ്റെസർ ഉപയോഗിച്ച് കൈകൾ ശുദ്ധിവരുത്തിയശേഷം മാത്രമേ ജനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുവാൻ പാടുള്ളൂ എന്ന നിർദേശങ്ങളുമാണ് നൽകിയത്. ഇനിയും നിയമലംഘനമുണ്ടായാൽ സൂപ്പർ മാർക്കറ്റ് അടച്ചിടേണ്ടിവരുമെന്നും കർശന മുന്നറിയിപ്പ് നൽകി.