ഇരിട്ടി : പതിനായിരത്തോളം ജനസംഖ്യയുള്ള ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ കോവിഡ് വ്യാപനം തടയാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം സുരക്ഷ ശക്തമാക്കി. ഫാമിന്റെ കീഴ്പള്ളി കക്കുവ, പാലപ്പുഴ, വളയംചാൽ ഭാഗങ്ങളിലെ ഗേറ്റിൽ പരിശോധന തുടങ്ങി.

പുറമെനിന്നുള്ള ആരെയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇവിടന്ന് പുറത്തുപോകുന്നവർക്കും നിയന്ത്രണമുണ്ട്. ഗതാഗതസംവിധാനം കുറഞ്ഞ ഫാമിനുള്ളിൽ ആളുകൾ കൂട്ടമായി സഞ്ചരിക്കുന്നത് തടയും. ഫാമിനോട് അതിർത്തി പങ്കിടുന്ന ആറളം പോലീസ് സ്റ്റേഷൻ സമ്പർക്കത്തെത്തുടർന്ന്‌ അടച്ചിടേണ്ടിവന്നിരുന്നു. ആദിവാസി പുനരധിവാസ മിഷൻ, ആറളം ഗ്രാമപ്പഞ്ചായത്ത്, ആറളം ഫാമിങ്‌ കോർപ്പേറഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനയും നിയന്ത്രണങ്ങളും.

ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പറും യാത്രക്കാരുടെ ഫോൺനമ്പറും മേൽവിലാസവും സെക്യൂരിറ്റി ജീവനക്കാർക്ക്‌ നൽകണം. മേഖലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ സ്വന്തമായി രജിസ്റ്റർ സൂക്ഷിക്കുകയും ഫാമിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർക്ക്‌ കൈമാറുകയും ചെയ്യണം. പ്രദേശവാസികളിൽ മാസ്ക്‌ ധരിക്കാത്തവരെ കണ്ടെത്തുന്നതിനും മറ്റ് പ്രദേശങ്ങളിൽനിന്ന്‌ വരുന്നവരെ കണ്ടെത്തുന്നതിനുമായി ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും. രാത്രി ഒൻമ്പത് മണിക്ക് ശേഷം ആരെയും അനുവദിക്കില്ല.

വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ സമ്പർക്കംവഴി രോഗവ്യാപനം ശക്തമായതും ഫാമിന് ഭീഷണിയാണ്. ഫാമിൽ ഭൂമി ലഭിച്ചവരിൽ വലിയൊരു വിഭാഗം മേഖലയിൽ നിന്നുള്ളവരാണ്. ഇവിടെനിന്ന്‌ ആളുകൾ വരാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കടുത്ത നടപടി. ഫാമിൽ ഭൂമി ലഭിച്ച 3500 കുടുംബങ്ങളിൽ 1700-ഓളം കുടുംബങ്ങളാണ് ഫാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. 200-ലധികം കുടിയേറ്റ കുടുംബങ്ങളുമുണ്ട്‌. മേഖലയിൽ ഇതുവരെ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.

നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ട് പ്രദേശവാസികൾ

:കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ മേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് കഴിയുന്നത് അധികൃതർക്ക് വലിയ ആശ്വാസമാണ്. പുറമെ ഇറങ്ങുമ്പോൾ എല്ലാവരും മാസ്ക്‌ ധരിക്കുന്നതും അനാവശ്യയാത്രകൾ ഇല്ലാതായതുമെല്ലാം നല്ല സൂചനയാണ്.

ആളുകൾ വീട്ടിൽവന്ന്‌ പറഞ്ഞശേഷം ഫാം വിട്ട് എങ്ങോട്ടും പോയിട്ടില്ലെന്ന് പുനരധിവാസമേഖല 11-ാം ബ്ലോക്കിലെ ബാലൻ പറഞ്ഞു. വീട്ടിലുള്ളവരും മാസ്ക്‌ ധരിക്കുന്നുണ്ടെന്നും കീഴ്പള്ളി ടൗണിൽ സാധനങ്ങൾ വാങ്ങാൻ മാത്രമേ പോകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പണി കുറഞ്ഞതിന്റെ പ്രയാസം മാത്രമാണ് മേഖലയിലെ പലർക്കും പറയാനുള്ളത്.

നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ അടപ്പിച്ചു

മട്ടന്നൂർ : ഉരുവച്ചാലിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മൂന്നു ഹോട്ടലുകൾ പോലീസ് അടപ്പിച്ചു. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നിർദേശം പാലിക്കാത്ത ഹോട്ടലുകളാണ് മട്ടന്നൂർ എസ്.ഐ. പി.വിജേഷും സംഘവും അടപ്പിച്ചത്. വൈകീട്ട് 4.30-നുശേഷവും ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം നൽകിയ ഹോട്ടലുകളാണ് അടപ്പിച്ചത്. നഗരസഭയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് നാലുവരെയും ഹോട്ടലുകൾ ആറുവരെയുമാണ് തുറക്കാൻ അനുമതി നൽകിയത്. എന്നാൽ വൈകീട്ട് നാലിനുശേഷം പാർസൽ മാത്രം നൽകാനാണ്‌ നിർദേശം. നിയന്ത്രണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.