ഇരിട്ടി : ജാഗ്രതക്കുറവ് മൂലമുള്ള കോവിഡ് വ്യാപനം തടയാൻ ഇരിട്ടി മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ക്വാറന്റീൻ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നത് തടയുന്നതിൽ ഉണ്ടായ വീഴ്ചയാണ് ഇതിന് പ്രധാന കാരണം.

വാർഡ് തല സുരക്ഷാസമിതികളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദവും കർശനമാക്കേണ്ടതിന്റെ പ്രധാന്യവുമാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ബെംഗളൂരുവിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തി ജന്മദിനാഘോഷം സംഘടിപ്പിച്ചതും അയാൾ പലസ്ഥലങ്ങളിലും കറങ്ങിനടന്നതും കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായി. ഇയാൾക്ക് കോവിഡ് പോസിറ്റീവായതോടെ നിരവധിപേരാണ് നിരീക്ഷണത്തിലായത്.

ആറളം പോലീസ് സ്റ്റേഷനിൽ 21 പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച റിമാന്റ്‌ പ്രതിയുമായി സമ്പർക്കമുണ്ടായ ഏഴ് പോലീസുകാർക്ക് പുറമേ 14 പേർ കൂടി നിരീക്ഷണത്തിൽ പോകേണ്ടിവന്നത് ജാഗ്രതക്കുറവ് മൂലമാണ്. കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന തില്ലങ്കേരി പെരിങ്ങാനം സ്വദേശിനിയായ 48-കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതും പ്രദേശത്ത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കി. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ 48-കാരിക്കാണ് കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കാലിന് പരിക്കേറ്റ ഇവർ ആദ്യം തലശ്ശേരിയിലും പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.തില്ലങ്കേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒൻപതുപേർക്കായിരുന്നു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ ഉൾപ്പെടെ രോഗം ബാധിച്ചവർ രോഗമുക്തരായി. അന്യസംസ്ഥാനങ്ങളിൽ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. ഇവിടെ സമ്പർക്കം വഴിയുള്ള രോഗബാധ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.