ഇരിട്ടി : കോവിഡ് -19 അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കാൻ തീരുമാനം. നഗരസഭാ പരിധിയിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, മരണാനന്തരച്ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവ നഗരസഭയിൽ മുൻകൂട്ടി രജിസ്റ്റർചെയ്ത ശേഷം മാത്രമേ നടത്താൻ പാടുള്ളൂ.

ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളുടെയും പേരുവിവരം ഫോൺ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ സൂക്ഷിക്കണം. വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിൽ പരമാവധി 50 ആളുകളെ പങ്കെടുപ്പിക്കാം. എന്നാൽ ഒരേസമയം 20 ആളുകളിൽ കൂടുതൽ പാടില്ല. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പേരുവിവരവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം മുൻകൂട്ടി ഹാജരാക്കേണ്ടതാണ്. സേഫ്റ്റി കമ്മിറ്റിയുടെ തീരുമാനപ്രകാരം നനഗരസഭാ പരിധിയിലെ ഹോട്ടലുകളുടെ പ്രവർത്തനസമയം വൈകീട്ട് ഏഴുവരെയായി നിജപ്പെടുത്തിയിട്ടുള്ളതായും സെക്രട്ടറി അറിയിച്ചു.