ഇരിട്ടി : പരമ്പരാഗത ടാപ്പിങ് മാറ്റി ആറളം ഫാമിൽ ഇനി യന്ത്രം ഉപയോഗിച്ച് ടാപ്പിങ് രീതി വരുന്നു. ഇതിനായി ഫാം പുനരധിവാസമേഖലയിൽനിന്നുള്ള 16 അംഗ ആദിവാസി യുവസംഘം പരിശീലനം പൂർത്തിയാക്കി. ചിങ്ങം ഒന്നുമുതൽ ഇവരുടെ നേതൃത്വത്തിൽ ഫാമിലെ 25,700 റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങും. ഇതോടെ യന്ത്രം ഉപയോഗിച്ച് ടാപ്പ് ചെയ്യുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമായി ആറളം ഫാം മാറും. ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമത്തെ തുടർന്ന് ഫാം എം.ഡി. എസ്. ബിമൽ ഘോഷിന്റെ അന്വേഷണമാണ് മുംബൈയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യൂസ് കണ്ടുപിടിച്ച ബോലാനാഥ് റബ്ബർ ടാപ്പിങ് മെഷിനിൽ (ബി.എച്ച്.ആർ.ടി) എത്തിയത്. ഈ യന്ത്രത്തിന്റെ മാർക്കറ്റിങ് അധികാരമുള്ള കോട്ടയം മണർകാടെ സായാ ഫാം ടൂൾസ് ആൻഡ് മെഷിൻസ് ആണ് ഫാമിൽ ഇവ ലഭ്യമാക്കുന്നത്. കേരളത്തിൽ റബ്ബർ ബോർഡിന്റെ അംഗീകാരം വൈകാതെ കിട്ടുമെന്നും ഇതോടെ യന്ത്രം സാർവത്രികമായി മാറുമെന്നും സായാ മാനേജിങ് പാർട്ണർമാരായ എബി എബ്രഹാമും മജു മാത്യുവും പറഞ്ഞു.

ഹെക്ടറിൽ ഉപയോഗിക്കും

ഫാമിൽ നിലവിൽ 21750 റബ്ബർ മരങ്ങളാണ് ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ 5000 മരങ്ങൾ ഫാമിന്റെ തൊഴിലാളികളെ ഉപയോഗിച്ചും ബാക്കി 16750 മരങ്ങൾ കരാർത്തൊഴിലാളികളെ ഉപയോഗിച്ചുമാണ് വെട്ടുന്നത്. ബ്ലോക്ക് ആറിൽ 60 ഹെക്ടറിൽ പുതിയതായി ടാപ്പിങ്ങിന് പാകമായ റബ്ബർമരങ്ങൾ തൊഴിലാളികളെ കിട്ടാഞ്ഞതിനാൽ ടാപ്പിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇവ ടാപ്പ് ചെയ്യുന്നതിനാണ് യന്ത്രം ഉപയോഗപ്പെടുത്തുക. പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10-ൽ താമസക്കാരായ രണ്ട് യുവതികളും 14 യുവാക്കളും അടങ്ങുന്ന സംഘമാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതിനായി കെ. ശ്യാം പ്രസിഡന്റും അമൽ ബാലൻ സെക്രട്ടറിയും രേഖാ ദാമോദരൻ ഖജാൻജിയുമായി കർഷക സ്വാശ്രയസംഘവും രൂപവത്‌കരിച്ചിരുന്നു. ഒരുരൂപ നാല്പത് പൈസ പ്രകാരം ഒരു റബ്ബർ ടാപ്പ് ചെയ്യുന്നതിന് പ്രതിഫലം നൽകും. 30,000 രൂപ വില വരുന്ന ടാപ്പിങ് യന്ത്രം 25700 രൂപയ്ക്കാണ് തവണവ്യവസ്ഥപ്രകാരം സായാ ലഭ്യമാക്കുന്നത്. സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഫാമിന് ബാധ്യതയില്ലാതെ സ്വന്തം നിലയ്ക്കാണ് ഇവർ യന്ത്രം വാങ്ങുന്നത്. യന്ത്രം ഉപയോഗിച്ച് 60 ഹെക്ടറിലെ ടാപ്പിങ് ആരംഭിക്കുന്നതോടെ ഫാമിന്റെ വരുമാനവും കൂടും.

ടാപ്പിങ് യന്ത്രം

:സഖറിയാസ് മാത്യൂസ് ഏഴുവർഷം മുൻപ് കണ്ടുപിടിച്ച ടാപ്പിങ് യന്ത്രം ഉത്‌പാദനത്തിനായി മുംബൈ ആസ്ഥാമായുള്ള ബോലാനാഥ് പ്രിസിഷൻ എൻജിനീയറിങ് കൈമാറിയതാണ്. പൂർണമായും ഇന്ത്യൻ നിർമിതമായ ഈ യന്ത്രം 1.4, 1.8 കിലോഗ്രാം വീതം തൂക്കത്തിലുള്ള രണ്ട് മോഡലുകളാണ്. 32-ലധികം അന്താരാഷ്ട്ര പേറ്റന്റ് ഉള്ളയാളാണ് സഖറിയാസ്. ലിഥിയം അയേൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ രണ്ടുമണിക്കൂർ ചാർജ് ചെയ്താൽ 800 മരം ടാപ്പ് ചെയ്യാം. രണ്ടുവർഷ വാറന്റിയാണ് യന്ത്രത്തിന് നൽകുന്നത്.

നന്നായി പരിശീലനം ലഭിച്ചയാളാണെങ്കിൽ ആറു സെക്കൻഡ് കൊണ്ട് ഒരു മരം ടാപ്പ് ചെയ്യാം. സെൻസർ പിടിപ്പിച്ചിട്ടുള്ളതിനാൽ മരത്തിന്റെ തടിയിൽ കൊള്ളില്ല. ഏതു തലത്തിലുള്ളവർക്കും പരിശീലനം നേടി ടാപ്പിങ് നടത്താനാകും. ഫാം സെക്യൂരിറ്റി ഓഫീസർ ആർ. ശ്രീകുമാർ, സൂപ്രണ്ട് വി.പി. മോഹൻദാസ്, അസി. മാനേജർ കെ.ഡി. വർക്കി, സൂപ്പർവൈസർ കെ. ജയദീപ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.