ഇരിട്ടി : ഇടപാടുകൾ കൂടിയതോടെ ബാങ്കുകളിലും എ.ടി.എം. കൗണ്ടറുകളിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റുന്നു. സാമൂഹിക അകലം പാലിക്കാതെ ഇടപാടുകാർ ബാങ്കിനുള്ളിലേക്ക് തള്ളിക്കയറുന്നതാണ് പ്രതിസന്ധി ഉണ്ടാക്കിയത്.

ബാങ്കുകളും എ.ടി.എം. കൗണ്ടറുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ പ്രദേശിക ഭരണകൂടങ്ങൾ നിരീക്ഷണം ശക്തമാക്കി. എ.ടി.എം. കൗണ്ടറുകളിൽ നടപ്പിലാക്കേണ്ട സുരക്ഷാനിർദേശങ്ങളെപ്പറ്റിയും ബാങ്കുകളിൽ ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾ ഓർമിപ്പിച്ചും പ്രദേശിക ഭരണകൂടങ്ങൾ ബാങ്ക് മേധാവികൾക്ക് കത്ത് നൽകിത്തുടങ്ങി.

സമ്പർക്കംമൂലമുള്ള രോഗവാഹകരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയും ചെയ്യുന്നതോടെ ബാങ്കുകൾ കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്ററുകൾ രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സമ്പൂർണ ലോക്ക്ഡൗണിന് അടുത്തുതന്നെ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾകൂടി വന്നതോടെ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി തിരക്കുകൂടിയതാണ് നിയന്ത്രണങ്ങൾ താളംതെറ്റിച്ചത്. ബാങ്കിന് പുറത്ത് സെക്യൂരിറ്റിക്കാരെ നിർത്തി അഞ്ചുപേരെ വീതമാണ് ബാങ്കിനുള്ളിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്.

ഇടപാടുകാരുടെ എണ്ണം വർധിച്ചതോടെ ഇത്തരം നിയന്ത്രണങ്ങൾ പാലപ്പോഴും പ്രാവർത്തികമാകുന്നില്ല.

ബാങ്കുകളിൽ ജീവനക്കാരുടെ കുറവുകാരണം കാര്യങ്ങൾ പെട്ടെന്ന് തീർക്കാനും സാധിക്കുന്നില്ല. പല നഗരങ്ങളിലേയും എ.ടി.എം. കൗണ്ടറുകളുടെ സ്ഥിതിയും സമാനമാണ്. ഒരു നിയന്ത്രണവും പാലിക്കാതെയാണ് പലരും ഇടപാടുകൾ നിർവഹിക്കുന്നത്. പല എ.ടി.എം. കൗണ്ടറിലും സാനിെറ്റെസർപോലുമില്ല.