ഇരിട്ടി : അഞ്ചരക്കണ്ടി കോവിഡ് ആസ്പത്രിയിൽനിന്ന്‌ രക്ഷപ്പെട്ട കോവിഡ് രോഗിയായ മോഷണക്കേസ് പ്രതിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ഇയാൾ അഞ്ചരക്കണ്ടിയിൽനിന്ന്‌ മട്ടന്നൂർവരെ യാത്രചെയ്ത സ്വകാര്യബസും മട്ടന്നൂരിൽനിന്ന്‌ ഇരിട്ടിയിലെത്തിയ സ്വകാര്യബസും പോലീസ് തിരിച്ചറിഞ്ഞു.

ഇയാൾ മട്ടന്നൂരിൽനിന്ന്‌ പത്തൊമ്പതാം മൈൽവരെ എത്തിച്ച ബൈക്ക് യാത്രക്കാരനെയും ക്വാറന്റീനിലാക്കി. ബസ് ജീവനക്കാരെയും ടൗണിൽവെച്ച് ഇയാളുമായി സമ്പർക്കത്തിലായവരെയും കണ്ടെത്തി ക്വാറന്റീനിലാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ബസിലെ യാത്രക്കാരെ കണ്ടെത്തുന്നതിന് സമൂഹമാധ്യമങ്ങൾ വഴിയാണ് പോലീസ് വിവരങ്ങൾ നല്കിയത്. ഇയാൾ അഞ്ചരക്കണ്ടിയിൽനിന്ന്‌ എസ്.ആർ ബസ്സിൽ മട്ടന്നൂരിലും ഇവിടെനിന്ന്‌ ഇരിട്ടിയിലെത്തിയത് എം.ഫോ. സിക്‌സ് ബസ്സിലുമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഈ രണ്ട് ബസ്സിലും സഞ്ചരിച്ചവർ അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഇരിട്ടി സി.ഐ. എ. കുട്ടികൃഷ്ണൻ പറഞ്ഞു.

ഇരിട്ടിയിൽനിന്ന്‌ പിടിയിലായ കോവിഡ് ബാധിച്ച പ്രതി തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സയിലാണ്.