ഇരിട്ടി : കോവിഡ് 19 അതിവ്യാപന സാഹചര്യത്തിൽ ആറളം പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഞായറാഴ്ചകളിൽ ആവശ്യ സേവന സ്ഥാപനങ്ങൾ ഒഴികെ മറ്റൊന്നും പ്രവർത്തിക്കാൻ പാടില്ല. മത ചടങ്ങുകൾക്കും നിബന്ധനകൾ കർശനമായി പാലിക്കണം.

പഞ്ചയാത്ത് സുരക്ഷാസമിതിയുടെയും ആറളം പോലീസിന്റെയും കീഴ്‌പ്പള്ളി പി.എച്ച്.സി.യുടെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ മതാധ്യക്ഷൻമാർ ഉൾപ്പെടയുള്ളവരുടെ യോഗത്തിലാണ് തീരുമാനം.

പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജോഷി പാലമറ്റം, റെയ്ഹാനത്ത് സുബി, ഡോ. ത്രേസ്യാമ്മ കൊങ്ങോല, അംഗം പി.റോസ, സി.ഐ. കെ.സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ്, സെക്രട്ടറി റോബർട്ട് ജോസഫ്, എടൂർ സെയ്‌ന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേൽ, ആറളം ജുമാഅത്ത് പള്ളി പ്രതിനിധി സാജിദ്, ക്ഷേത്ര പ്രതിനിധി കെ.എൻ.സോമൻ എന്നിവർ പങ്കെടുത്തു.

പ്രധാന നിയന്ത്രണങ്ങൾ

:വിവാഹം, മനസ്സമ്മതം, ഗൃഹപ്രവേശം, മാമോദീസ, മരണാന്തര ചടങ്ങുകൾ എന്നിവ മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കണം. ആരാധനാലയങ്ങളിൽ വിസ്തൃതി അനുസരിച്ച് മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതും സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതുമാണ്. പങ്കെടുക്കുന്നവർക്ക് വ്യക്തി സുരക്ഷയ്ക്കുള്ള സൗകര്യം ഉറപ്പാക്കണം.

പേരും വിലാസവും രജിസ്റ്റർചെയ്യണം. ആരാധനാലയങ്ങളിൽ സ്ഥിരമായി നടക്കുന്ന ചടങ്ങുകളിൽ അതത് പ്രദേശത്തുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

മരണം നടന്നാൽ സംസ്കാരം അഞ്ച് മണിക്കൂറിനുള്ളിൽ നടത്തുകയോ അല്ലെങ്കിൽ മോർച്ചറിയിലേക്ക് മാറ്റിയതിനുശേഷം മേൽ സമയത്തിനുള്ളിൽ നടത്തുകയോ ചെയ്യണം. വിശ്വാസികൾക്ക് പൂജാദ്രവ്യങ്ങളും പ്രസാദവും കൈയിൽ സ്പർശിച്ചു നൽകാൻ പാടില്ല.

വ്യാപാര, തൊഴിൽ സ്ഥാപനങ്ങൾ അഞ്ചുമണിവരെ മാത്രമേ പ്രവർത്തിപ്പിക്കാവൂ. സ്ഥാപനങ്ങൾക്ക് സമീപം ആൾക്കാർ കൂട്ടംകൂടി നിൽക്കാൻ പാടില്ല.

കളികൾ നിരോധിച്ചു

:വ്യക്തിപരമായ വ്യായാമം (നടത്തം, ഓട്ടം) ഒഴികെ ആൾക്കാർ കൂടിച്ചേർന്നുള്ള എല്ലാ കളികളും നിരോധിച്ചു. കീഴ്‌പ്പള്ളി പി.എച്ച്‌.സി.യിൽനിന്ന് സ്ഥിരമായി ലഭിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ വൊളന്റിയർമാർ മുഖേന വീടുകളിൽ എത്തിക്കും. നിർദേശങ്ങൾ നടപ്പാക്കാത്തവരുടെ വിവരങ്ങൾ ആർക്കും ബന്ധപ്പെട്ടവർക്ക് കൈമാറാം. ഫോൺ: പ്രസിഡന്റ് 9496049137, സെക്രട്ടറി 4960491389, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ 9446095239, ഹെൽത്ത് ഇൻസ്പെക്ടർ 9447416159