ഇരിട്ടി : ഇരിട്ടി-പേരാവൂർ റോഡിലെ കല്ലേരിമലയിൽ കൂറ്റൻ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. തിരക്കുള്ള റൂട്ടിൽ വൻ അപകടം ഒഴിവായത് തലനാരിഴക്കാണ്. പേരാവൂരിൽനിന്ന്‌ അഗ്നിരക്ഷാ സേന എത്തി മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കല്ലേരിമല ഇറക്കത്തിൽ റോഡരികിലെ മരം റോഡിലേക്ക് വീണത്. പേരാവൂരിൽനിന്നും ഇരിട്ടിയിലേക്ക് സർവീസ് നടത്തുന്ന കേരള ബസ് കടന്നുപോയ ഉടനെയായിരുന്നു മരം റോഡിലേക്ക് വീണത്.

മുറിച്ചുമാറ്റാൻ മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് നിർദ്ദേശിച്ച മരങ്ങളിൽ ഒന്നാണ് കടപുഴകിവീണത്. അരമണിക്കൂറിലധികം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.ശശിയുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടഭീഷണിയിലായ മറ്റ് മരങ്ങൾകൂടി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.