ഇരിട്ടി : അടിഭാഗം പൂർണമായും ദ്രവിച്ച കൂറ്റൻ മാവ് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്നു. പെരുമ്പറമ്പ് സ്കൂളിന് സമീപം റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മരമാണ് അപകടഭീഷണി ഉയർത്തുന്നത്. അടിവശം പൂർണമായും ദ്രവിച്ച മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ സമീപവാസികൾ അധികൃതരെ സമീപിച്ചിരുന്നു. പെരുമ്പറമ്പ് ഗാന്ധി സ്റ്റഡി സെന്റർ ഭാരവാഹികൾ നൽകിയ പരാതിയിൽ ബന്ധപ്പെട്ടവർ മാസങ്ങൾക്കുമുൻപ്‌ പരിശോധന നടത്തി പോയതല്ലാതെ തുടർനടപടികളുണ്ടായിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മരത്തിന് എതിർവശം കടകളും വീടുകളും ഉണ്ട്. കാലവർഷം ആരംഭിച്ചതോടെ ഭീതിയോടെയാണ് സമീപവാസികൾ കഴിയുന്നത്.