ഇരിട്ടി: ഇരിട്ടി നഗരസഭയിലും മുഴക്കുന്ന്, തില്ലങ്കേരി, പായം എന്നിവിടങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങി.

ഇരിട്ടി നഗരസഭയിൽ ഇരിട്ടി താലൂക്ക് ആസ്പത്രിക്ക്‌ സമീപത്തുള്ള ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ 124 കിടക്കകൾ ഒരുക്കി. കീഴൂർ കുന്നിനൽ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ 65 കിടക്കകളും നരയൻമ്പാറയിൽ മൗണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 130 കിടക്കുകളും ഉളിയിൽ ഗവ. യു.പി. സ്കൂളിൽ 90 കിടക്കകളും സജ്ജീകരിച്ചു. നഗരസഭാപരിധിയിൽ 1650 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനാണ് സർക്കാർ നിർദേശം.

10 രോഗികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന സംവിധാനവും, ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, ശുചീകരണത്തൊഴിലാളികൾ, ആംബുലൻസ് എന്നിവയുണ്ടാവും. സുരക്ഷാ ഉദ്യോഗസ്ഥരും, കെയർടേക്കർ, ചാർജ് ഓഫീസർ തുടങ്ങി വിവിധ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംവിധാനമാണ് പ്രവർത്തിക്കുക. സെൻറർ പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും വരുംനാളുകളിൽ കൂടുതൽ സ്കൂളുകളും ഓഡിറ്റോറിയങ്ങളും ഉൾപ്പെടെ ഏറ്റെടുക്കുമെന്നും ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ പറഞ്ഞു.

പായം പഞ്ചായത്തിൽ സി.എം.ഐ. ക്രൈസ്റ്റ് സ്കൂളും ഉളിക്കൽ പഞ്ചായത്തിൽ ഉളിക്കൽ ഹയർ സെക്കൻഡറി സ്കൂളും ആറളത്ത് വെളിമാനം ഹയർ സെക്കൻഡറി സ്കൂളും മുഴക്കുന്നിൽ പാല ഹയർ സെക്കൻഡറി സ്കൂളുമാണ് കണ്ടെത്തിയിരിക്കുന്നത്.

മുഴക്കുന്നിൽ 50 കിടക്കകൾ ഉൾപ്പെടെ തയ്യാറായതായി പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു. തില്ലങ്കേരിയിലും സ്കൂൾ കണ്ടെത്തി കിടക്കൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.