ഇരിട്ടി: ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറളം വന്യജീവിസങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ മലയോരഗ്രാമങ്ങൾ ആശങ്കയിലായി.

കോവിഡ്‌ കാലത്ത് ആറളം, കേളകം പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പുതിയ പ്രഖ്യാപനത്തെക്കുറിച്ച് ആകുലരാകുന്നത്. ജനവാസ കേന്ദ്രങ്ങളിൽ 100 മീറ്റർ ചുറ്റളവാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരുന്നതെന്നും അതുകൊണ്ട് താമസക്കാർക്ക് പ്രയാസം ഉണ്ടാകില്ലെന്നുമാണ് അധികൃതരുടെ വാദം. എങ്കിലും അതിർത്തി മേഖലയിലെ കർഷകരുടെ ഭൂമിയിൽ പിടിമുറുക്കി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള നീക്കമാണെന്നാണ് പ്രദേശിവാസികൾ പറയുന്നനത്.

ആറളം വന്യജീവിസങ്കേതത്തിന്റെ തെക്കുവശത്ത് വളയംചാൽമുതൽ രാമച്ചിവരെ 12.1 കിലോമീറ്ററും തെക്ക് പടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കും ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരായി 11 കിലോമീറ്ററും 100 മീറ്റർ വീതിയിലുമാണ് പരിസ്ഥിതിലോല മേഖലയിൽപ്പെടുത്തിയിരിക്കുന്നത്.

ഇത്രയും സ്ഥലത്ത് 100 മീറ്റർ പരിധി മാത്രമേ ജനവാസ മേഖല ഉള്ളൂവെങ്കിലും 500 കുടുംബങ്ങളെയെങ്കിലും ബാധിക്കും. ഹെക്ടർകണക്കിന് കൃഷിയിടവും നിയന്ത്രണത്തിൽപ്പെടും.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഉണ്ടാക്കിയ പ്രതിസന്ധികൾ മാറിയെന്ന ആശ്വാസത്തിനിടയിലാണ് പുതിയ കരട് വിജ്ഞാപനം ഇറങ്ങി.

നിർദിഷ്ട സമയപരിധിയിൽ റിപ്പോർട്ട് നൽകിയില്ലെങ്കിൽ സംരക്ഷിതവനങ്ങളുടെ 10 കിലോമീറ്റർ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർദേശം നടപ്പിലാക്കുന്നതിനായി വന്യജീവിസങ്കേതത്തിൽനിന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നിശ്ചയിച്ച് സംസ്ഥാനം റിപ്പോർട്ട് നൽകിയതെന്നാണ് വനം വകുപ്പ് പറയുന്നത്.

കേളകം പഞ്ചായത്തിലാണ് പ്രശ്‌നം ഏറ്റവും രൂക്ഷമായി ബാധിക്കുക.

200 വീടുകൾ ഉൾപ്പെടും. ആറളത്ത് ആദിവാസി പുനരധിവാസ മേഖലയിലെ വീടുകളെയാണ് പുതിയ പ്രഖ്യാപനം ഏറ്റവും ബാധിക്കുക.