ഇരിട്ടി : ജില്ലയോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് ജില്ലയിൽ കോവിഡിന്റെ വ്യാപനത്തോത് കുറഞ്ഞത് ജില്ലാ ഭരണകൂടത്തിന് ആശ്വാസമായി.

അഞ്ചുലക്ഷത്തോളം മലയാളികളുള്ള ജില്ലയിൽ രോഗവ്യാപനം വൻ ആശങ്കയുണ്ടാക്കിയിരുന്നു.

മൂന്നാഴ്ചയ്ക്കിടയിൽ 200-ലധികം സമ്പർക്കരോഗികളുണ്ടായത് ഭരണകൂടത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി.ദിനംപ്രതി 15, 20 എന്ന തോതിൽ സമ്പർക്ക രോഗികളുണ്ടായിരുന്നത് കഴിഞ്ഞ മൂന്നുദിവസമായി പത്തിൽ താഴെയായത് ശുഭസൂചനയായാണ് അധികൃതർ കാണുന്നത്. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. നൂറ്റമ്പതോളം കണ്ടെയ്ൻമെന്റ് സോണുണ്ടായിരുന്ന ജില്ലയിൽ ഇപ്പോൾ 100 താഴെയായി ചുരുങ്ങി.

ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് രോഗവ്യാപനത്തോത് കുറച്ചത്. ജില്ലയിൽ ഒരു മാസത്തിനിടയിൽ 311 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനി

ന്നും എത്തിയവർ 130-ൽ താഴെ പേർ മാത്രമായിരുന്നു. രോഗികളിൽ 212 പേർ രോഗമുക്തരായി. നിലവിൽ 94 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ച്‌ മരണവും സംഭവിച്ചു. മടിക്കേരി താലൂക്കിൽ നേരത്തെ ഉണ്ടായിരുന്ന 46 കണ്ടെയ്‌ൻമെന്റ് സോണുകൾ 27 ആയി കുറഞ്ഞു.

ഒരു സമയം മടിക്കേരി ജില്ലാ അസ്പത്രിയിലെ രണ്ട് ഡോക്ടർക്കും മൂന്ന് ഹെൽത്ത്‌ വർക്കർക്കും രോഗം ബാധിച്ചിരുന്നു. സോമവാർപേട്ട താലൂക്കിൽ 42-ഉം വീരാജ്‌പേട്ടയിൽ 31-ഉം കണ്ടെയ്‌ൻമെന്റ്‌ സോണുകളാണുള്ളത്. നിയന്ത്രണങ്ങൾ കർശനമാക്കിയാണ് രോഗത്തെ പിടിച്ചുകെട്ടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ഇരിട്ടിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

നിയന്ത്രണം കർശനമാക്കി

ഇരിട്ടി : കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ചെയർമാൻ പി.പി.അശോകന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം.

പ്രധാന തീരുമാനങ്ങൾ:

വ്യാപാരസ്ഥാപനങ്ങളുടെ (ഹോട്ടലുകൾ ഉൾപ്പെടെ) പ്രവർത്തന സമയം വൈകീട്ട് അഞ്ചു വരെയായി നിജപ്പെടുത്തി.

ഹോട്ടലുകളിൽഅഞ്ചു മണി വരെയേ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി ഉള്ളൂ. എട്ടു മണി വരെ പാർസൽ നൽകാമെങ്കിലും തുറന്നുവെക്കാൻ പാടില്ല.

31 വരെ നഗരസഭാ പരിധിയിലുള്ള മുഴുവൻ മത്സ്യവില്പന സ്റ്റാളുകളും അടച്ചിടണം. വീടുവീടാന്തരം വില്പനയും റോഡരികിൽവെച്ചുള്ള വിൽപ്പനയും നിരോധനത്തിൽപ്പെടും.

വഴിയോര തട്ടുകടകളുടെയും അനധികൃത വില്പന സ്റ്റാളുകളുടെയും പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിർത്തിവെക്കണം. ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണം. ഇതിനാവശ്യമായ സൗകര്യം കരാറുകാരോ, സ്പോൺസർമാരോ ചെയ്യേണ്ടതും തൊഴിലാളികളുടെ വിവരം നഗരസഭയിൽ രജിസ്റ്റർചെയ്യേണ്ടതുമാണ്.

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തുമ്പോൾ നഗരസഭയെ മുൻകൂട്ടി അറിയിക്കുകയും സെക്രട്ടറിയുടെ അനുമതി വാങ്ങുകയും വേണം. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വാർഡുതല ജാഗ്രതാസമിതി ഉറപ്പുവരുത്തണം.

മരണവീടുകളിലും കോവിഡ്-19 സർക്കാർ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് തല ജാഗ്രതാസമിതി പൊലീസിനെ അറിയിക്കണം.

യോഗത്തിൽ വൈസ്‌ ചെയർപേഴ്സൺ കെ.സരസ്വതി, സ്ഥിരംസമിതി അധ്യക്ഷൻ പി.വി.മോഹനൻ, സെക്രട്ടറി അൻസൽ ഐസക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, എസ്‌.ഐ.ദിനേശൻ കൊതേരി, സ്പെഷ്യൽ വില്ലേജ് ഓഫീസർ മനോജ്‌കുമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.കുഞ്ഞിരാമൻ, അസിസ്റ്റന്റ് എൻജിനീയർ കെ.സ്വരൂപ എന്നിവർ പങ്കെടുത്തു.