ഇരിട്ടി : മുൻഗണനാവിഭാഗങ്ങൾക്കുള്ള റേഷൻകാർഡ് അനർഹമായി കൈപ്പറ്റിയവർക്ക് പിഴയടക്കാൻ നോട്ടീസ്‌. ഇരിട്ടി താലൂക്ക് പരിധിയിലെ അഞ്ച് റേഷൻ കാർഡ് ഉടമകളിൽനിന്ന് താലൂക്ക് സിവിൽ സപ്ലൈസ് വിഭാഗം അരലക്ഷം രൂപ പിഴയീടാക്കി. മുൻഗണനാവിഭാഗക്കാരുടെ റേഷൻ കൈപ്പറ്റിയവർക്ക്‌ അതിന്റെ പണം നിശ്ചിത സമയത്തിനകം തിരിച്ചടക്കാൻ നോട്ടീസ്‌ നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ആനുകൂല്യം തുടർന്നും കൈപ്പറ്റിക്കൊണ്ടിരുന്നവർക്കെതിരെയാണ് നടപടി.

ആനുകൂല്യം കൈപ്പറ്റിയവരിൽനിന്ന് അതുവരെ വാങ്ങിയ റേഷൻസാധനങ്ങളുടെ വിപണിവില കണക്കാക്കി പിഴയീടാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. താലൂക്ക് പരിധിയിലെ മുഴക്കുന്ന്, ചുങ്കക്കുന്ന്, കൊട്ടിയൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനർഹമായി ബി.പി.എൽ. കാർഡ് കൈവശംവെച്ച അഞ്ച് കാർഡ് ഉടമകളെയും അനർഹമായി മുൻഗണന (പിങ്ക്) കാർഡ് കൈവശംവെച്ച 30 കാർഡ് ഉടമകളെയും കണ്ടെത്തി. ഇവർ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിപണിവില പിഴയായി ഈടാക്കുന്നതിന് നോട്ടീസ് നൽകി.

താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ വി.സി. വിജേഷ്, പി.കെ. വിജേഷ്, ഷിനോജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. താലൂക്കിലെ എല്ലാ റേഷൻകടകളിലും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാർഡ് ഉടമകളുടെ പേര് റേഷൻ കടകളിൽ പ്രദർശിപ്പിക്കും.

പട്ടികയിൽ പരാതിയുള്ളവർക്ക് സപ്ലൈ ഒഫീസുമായി ബന്ധപ്പെടാം. ഫോൺ: 0490-2494930. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട റേഷനിങ് ഇൻസ്‌പെക്ടർമാരെ അറിയിക്കാം.

രഹസ്യവിവരം നൽകുന്നവരുടെ വിവരങ്ങൾ ചോരില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.