ഇരിട്ടി : വെള്ളപ്പൊക്കഭീഷണി നിലനില്ക്കെ ഇരിട്ടി പാലം നിർമാണത്തിനായി പുഴയിൽ നിക്ഷേപിച്ച മണ്ണ് നീക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നു. മണ്ണെടുക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തോളമായെങ്കിലും പുഴയിൽ തള്ളിയ മണ്ണിന്റെ മൂന്നിലൊരു ഭാഗംപോലും നീക്കിയില്ല.

ദിവസം നാലോ അഞ്ചോ ലോഡ് മണ്ണ് മാത്രമാണ് നീക്കുന്നതെന്നാണ് ആക്ഷേപം. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് മറികടന്നാണ് പാലം നിർമാണത്തിനായി പുഴയിൽ മണ്ണിട്ട് ഉയർത്താൻ അനുമതി നൽകിയത്.

പാലത്തിന്റെ തൂണുകളുടെയും ഉപരിതല വാർപ്പിനുള്ള അടിത്തറ ഒരുക്കൽ നടപടികളും പൂർത്തിയായാൽ മണ്ണ് മുഴുവനായും നീക്കുമെന്നായിരുന്നു കരാറുകാർ നല്കിയ ഉറപ്പ്. എന്നാൽ പണിപൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മണ്ണ് പുഴയിൽത്തന്നെയാണ്. പുഴയുടെ ഇരുകരകളിലും വെള്ളത്തിലുമായി ആയിരക്കണക്കിന് ലോഡ് മണ്ണ് തള്ളിയാണ് നിർമാണം നടത്തിയത്.

മൂന്നുവർഷമായി പാലം നിർമാണത്തിനായി പുഴയിൽ മണ്ണിട്ടിട്ട് കഴിഞ്ഞ രണ്ട് പ്രളയത്തിലും മണ്ണ് മുഴുവൻ ഒഴുകി പഴശ്ശി സംഭരണിയിൽ അടിഞ്ഞു. ഇത്തവണയും ഇതുതന്നെയായിരിക്കും അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

വലിയ മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ടുവന്ന് മുഴുവൻ മണ്ണും നീക്കുമെന്നായിരുന്നു അധികൃതർ നേരത്തെ പറഞ്ഞിരുന്നത്.

പാലത്തിന്റെ ഇരിട്ടി ടൗണിനോട് ചേർന്ന ഭാഗത്തെ പുഴയിൽ നിക്ഷേപിച്ച മണ്ണ് കുറച്ചൊക്കെ നീക്കിയെങ്കിലും പായം പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴയിലെ മണ്ണ് അതുപോലെ കിടക്കുകയാണ്.

മൂന്നാഴ്ചയായി മണ്ണുനീക്കൽ നടപടി തുടരുകയാണെന്ന് കെ.എസ്.ടി.പി. കൺസൾട്ടൻസി കമ്പനി റസിഡന്റ് എൻജിനീയർ പി.എൻ ശശികുമാർ പറഞ്ഞു. കാലവർഷം ആരംഭിച്ചതോടെ ചെളി നിറഞ്ഞ് പുഴയിലേക്ക് വണ്ടി ഇറങ്ങുന്നതിന് തടസ്സം ഉണ്ടായി. ലോക്ക്ഡൗണും മണ്ണ് നീക്കിലിനെ ബാധിച്ചു. കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി മണ്ണ് മഴുവനായും നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗതിമാറി ഒഴുകി പുഴ; ആഴവും കുറഞ്ഞു

പാലം നിർമാണത്തിനായി തള്ളിയ മണ്ണും കല്ലും നിറഞ്ഞ് പഴശ്ശി സംഭരണിയുടെ ആഴം നന്നേ കുറഞ്ഞു. സംഭരണിയിൽനിന്നുള്ള മണലെടുപ്പും നിർത്തിവെച്ചതോടെ പദ്ധതിയുടെ സംഭരണശേഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വള്ള്യാട് കീഴൂർ അമ്പലത്തിന് സമീപം പുഴയുടെ ഒഴുക്ക് ഗതിമാറിയതായി സമീപവാസികൾ പറഞ്ഞു. കയങ്ങൾ എല്ലാം ചെളിയും കല്ലും നിറഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാരൻ സതീശൻ മാവില പറഞ്ഞു.